അനാവശ്യ ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കും; മുഖ്യമന്ത്രി

0

തിരുവനന്തപുരം: സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന അനാവശ്യ ഹർത്താലുകൾ തടയുന്നതിനുള്ള നിയമ വശങ്ങൾ പരിശോധിക്കുമെന്നും, ഹര്‍ത്താലുകള്‍ ഒഴിവാക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തുടർച്ചയായുള്ള ഹർത്താലുകൾ ചിലർ ബോധപൂർവം നടത്തിയതാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കാസർകോട് മഞ്ചേശ്വരത്ത് വർഗീയ കലാപത്തിനായി നീക്കം നടന്നതായി കണ്ടെത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹർത്താലിൽ അക്രമംനടത്തിയവർക്കെതിരെ കർശനനടപടി എടുത്തിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ഹര്‍ത്താല്‍ നിയമവിരുദ്ധമാക്കാനുള്ള നടപടികളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി പറഞ്ഞില്ല.
രാഷ്ട്രീയ പാർട്ടികളുടെ മിന്നൽ ഹർത്താലുകളിൽ ഏറെ ബുദ്ധിമുട്ടുകൾ ജനങ്ങൾക്കുണ്ടായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. വിഷയത്തിൽ സമവായം നടത്താനാകുമോയെന്നു പുറത്തു ചർച്ച ചെയ്യാമെന്നും അതിനുശേഷം തീരുമാനമെടുക്കുന്നതായിരിക്കും നല്ലതെന്നും മുഖ്യമന്ത്രി മറുപടി നൽകി. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ ജനകീയ പ്രതിഷേധം പല തലങ്ങളില്‍ വരും. പികെ ബഷീര്‍ മുന്നോട്ട് വച്ച നിര്‍ദേശം ലീഗിന്‍റേയും യുഡിഎഫിന്‍റേയും പൊതുവികാരമാണെങ്കില്‍ ഇക്കാര്യത്തില്‍ അനുകൂല നടപടിയുമായി മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാണന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ ആരാണോ അവര്‍ സ്വന്തം കട അടക്കുകയോ വാഹനം ഓടിക്കാതിരിക്കുകയോ ചെയ്യട്ടേയെന്നും മറ്റുള്ളവരെ നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കുകയും ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ തയ്യാറാവണമെന്ന സി.മമ്മൂട്ടിയുടെ നിര്‍ദേശം സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഹർത്താൽ വിഷയമാക്കിയുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.