ഉന്നാവ് പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഉത്തരവ് പാലിച്ച് യു പി സര്‍ക്കാര്‍ 25 ലക്ഷം കൈമാറി

0

ലക്നൗ∙ കിങ് ജോർജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഉന്നാവ് പെൺകുട്ടിയുടെയും അഭിഭാഷകന്റെയും ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്റർ ഒരു തവണ നീക്കി ട്രയൽ നടത്തിയെന്ന് ലക്നൗ കിങ് ജോർജ് ആശുപത്രി അധികൃതർ അറിയിച്ചു. പെൺകുട്ടിക്ക് ഉത്തർപ്രദേശ് സർക്കാർ ധനസഹായം കൈമാറി. 25 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടർ നേരിട്ടെത്തി പെൺകുട്ടിയുടെ അമ്മയ്ക്ക് കൈമാറി എന്ന് ലക്നൗ ജില്ല മജിസ്ട്രേറ്റ് കൗഷൽ രാജ് ശർമ അറിയിച്ചു. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

പെൺകുട്ടിക്ക് 20 ലക്ഷവും അമ്മയ്ക്ക് 5 ലക്ഷവും താൽക്കാലിക സഹായം വെള്ളിയാഴ്ചയ്ക്കകം നൽകണമെന്നാണ് ഉത്തർപ്രദേശ് സർക്കാരിനോട് കോടതി ഉത്തരവിട്ടത്. ഉന്നാവ് കേസുകളുടെ വിചാരണ ലഖ്നൗവിലെ സിബിഐ കോടതിയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. കുടുംബവുമായി സംസാരിച്ച്, പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ദില്ലിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദ്ദേശിച്ചു.വിദഗ്ധ ചികിൽസയ്ക്കായി അത്യാവശ്യമാണെങ്കിൽ മാത്രം ഡൽഹിയിലേക്ക് മാറ്റിയാൽ മതിയെന്ന നിലപാടിലാണ് കുടുംബം.