Uri: The Surgical Strike – ഹൈ ജോഷ് ഹേ സാർ !!

1

ഉറി മിന്നലാക്രമണത്തിന്റെ സിനിമാവിഷ്ക്കാരം എന്നതിനേക്കാൾ രാഷ്ട്രീയപരമായ മുൻവിധികളോടെയാണ് പലരും ഈ സിനിമയെ ഉറ്റു നോക്കിയിരുന്നത് . എന്നാൽ അത്തരം മുൻവിധികൾക്കൊന്നും സിനിമയുടെ ആസ്വാദനത്തിൽ ഇടപെടാൻ സാധിക്കാത്ത വിധം ഇത് വരെ ഇറങ്ങിയ സോ കാൾഡ് പട്ടാള സിനിമകളിൽ നിന്നും അവതരണപരമായും സാങ്കേതിക പരമായും വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിക്കുകയാണ് ‘ഉറി’. മണിപ്പൂരിൽ പതിനെട്ടോളം സൈനികരെ കൊലപ്പെടുത്തിയ നാഗാ തീവ്രാദവാദികൾക്കെതിരെ ഇന്ത്യൻ സൈന്യം 2015-ൽ മ്യാന്മർ അതിർത്തി കടന്നു നടത്തിയ സർജിക്കൽ സ്ട്രൈക്ക് കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. വെറും നാൽപ്പതു മിനുറ്റുകൾ മാത്രം ദൈർഘ്യമുള്ള അന്നത്തെ ആ സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ ആക്രമണ ശൈലിയും ചടുലതയും കൃത്യതയുമൊക്കെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഗംഭീരമായി തന്നെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുക വഴി സിനിമ പ്രേക്ഷകനെ ആദ്യമേ പിടിച്ചിരുത്തുന്നുണ്ട്. ബോളിവുഡ് സിനിമാ രംഗത്ത് പത്തു പന്ത്രണ്ടോളം വർഷങ്ങളായി തിരക്കഥാകൃത്തായും ഗാനരചയിതാവായും സംഭാഷണമെഴുത്തുകാരനായുമൊക്കെ നാനാ മേഖലകളിൽ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ടെങ്കിലും ഒരു സംവിധായകൻ എന്ന നിലക്ക് ആദിത്യ ധറിന്റെ മികച്ച തുടക്കം കൂടിയാണ് ‘ഉറി’ എന്ന് പറയാം.

2015 തൊട്ട് ഇടവേളകളില്ലാത്ത വിധം അശാന്തമായി കൊണ്ടിരുന്നിരുന്ന കശ്മീർ താഴ്വരയുടെ രാഷ്ട്രീയ പശ്ചാത്തലത്തിൽ നടന്ന നിരവധി അക്രമ സംഭവങ്ങളാണ് ഇന്ത്യൻ സൈന്യത്തെ ഉറി മിന്നലാക്രമണത്തിലേക്ക് നയിക്കുന്നത്. സൈന്യവും കശ്മീർ ജനതയും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ അകം പൊരുൾ തേടലല്ല മറിച്ച് ഉറി മിന്നലാക്രമണം മാത്രമാണ് സിനിമ ഫോക്കസ് ചെയ്യുന്നത് എന്നത് കൊണ്ട് തന്നെ ഇതിലേക്ക് നയിക്കുന്ന അക്രമ സംഭവങ്ങളുടെ പരമ്പരയിൽ പ്രധാനമായും ചിത്രീകരിക്കപ്പെടുന്നത് ഉറി സൈനിക താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണമാണ്. പഠാൻകോട്ട് എയർഫോഴ്സ് സ്റ്റേഷനിൽ കരസേനയുടെ യൂണിഫോമു ധരിച്ചു കൊണ്ട് ക്യാമ്പിനകത്തേക്ക് കയറിയാണ് ഭീകരവാദികൾ ആക്രമണം നടത്തിയെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഉറി സൈനിക താവളത്തിലും അതേ രീതിയിലുള്ള ആക്രമണം നടന്നതായിട്ടാണ് സിനിമയിലും കാണുന്നത്. ഭീകരർ സൈനിക താവളത്തിലേക്ക് വളരെ എളുപ്പത്തിൽ കയറിക്കൂടുന്ന രംഗം കാണുമ്പോൾ അന്ന് സംഭവിച്ച സുരക്ഷാ വീഴ്ചകളെ ഓർത്ത് ആശങ്കപ്പെടുന്നതിനോടൊപ്പം തന്നെ രാജ്യത്തിന് സുരക്ഷ നൽകാൻ നിയോഗിക്കപ്പെടുന്ന സൈനികർക്ക് വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളൊരുക്കാൻ എന്ത് കൊണ്ട് ഭരണകൂടങ്ങൾക്ക് സാധിക്കുന്നില്ല എന്ന ചോദ്യവും ഉയരുന്നുണ്ട്.

മലയാളി സൈനികൻ ലഫ്. കേണൽ നിരഞ്ജനടക്കം ആറു ഇന്ത്യക്കാരുടെ മരണത്തിനു കാരണമായ പഠാൻകോട്ട് ഭീകരാക്രമണവും കേണൽ മുനീന്ദ്ര റായ് അടക്കം ഇരുപതോളം സൈനികർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണവുമൊക്കെ വൈകാരികമായല്ലാതെ നോക്കി കാണാനാകില്ല. കേണൽ മുനീന്ദ്ര റായിയുടെ മൃതദേഹത്തിന് മുന്നിൽ നിന്ന് കരഞ്ഞു കൊണ്ട് മുദ്രാവാക്യം വിളിച്ച് സലൂട്ട് ചെയ്ത മകളുടെ വീഡിയോ കാണാത്തവരുണ്ടാകില്ല. നമ്മൾ കണ്ടു മറന്ന ആ വീഡിയോയിലെ രംഗങ്ങൾ സിനിമയിൽ അത് പോലെ തന്നെ കാണാം. ഗൂർഖാ റെജിമെന്റിന്റെ വാർ ക്രൈ ഇടനെഞ്ചിൽ വിങ്ങലുണ്ടാക്കാതെ കടന്നു പോകില്ല. അത്ര മാത്രം വികാരഭരിതമായ സീൻ. വേണ്ടപ്പെട്ടവർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌താൽ ഏത് മനുഷ്യനും ഉണ്ടാകുമല്ലോ ഒരൽപ്പമെങ്കിലും പ്രതികാര ദാഹം. ആ സ്പിരിറ്റ് ഒരു പട്ടാളക്കാരനെ സംബന്ധിച്ചോളം മറ്റാരേക്കാളും കൂടുതലാണ് എന്ന് പറയാനും കൂടി ശ്രമിക്കുന്നുണ്ട് സിനിമ. അത് കൊണ്ട് തന്നെ അവസാന രംഗങ്ങളിലേക്ക് എത്തുമ്പോൾ war movie യെന്ന ചട്ടക്കൂട് പൊളിച്ചു കൊണ്ട് വ്യക്തിപരമായ കണക്ക് തീർക്കലുകൾക്ക് കൂടി സ്‌പേസ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് സംവിധായകൻ.

പ്രതികാരവും പ്രകടനവുമൊക്കെ റിയലിസ്റ്റിക് തന്നെയെന്ന് സമ്മതിക്കുമ്പോഴും അത്തരം രംഗങ്ങൾ അത് വരേക്കും സിനിമ നിലനിർത്തി കൊണ്ട് പോയ ആർമി ടീം സ്പിരിറ്റിൽ നിന്ന് മാറി നായകനിലേക്ക് മാത്രമായി ഒതുങ്ങി കൂടുന്നുണ്ട്. സിനിമാറ്റിക് ആക്കാതെ അവതരിപ്പിക്കാനുള്ള സാധ്യതകൾ ഉണ്ടായിട്ടും ആ രംഗം നായകന് വേണ്ടി മാറ്റി നിർത്തപ്പെട്ടതിനു കാരണമാകുന്നത് നായകന്റെ അളിയന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന വൈകാരികതയും പ്രതികാര ബുദ്ധിയും കൂടിയാണ്. ആർമി സ്പിരിറ്റിൽ നിന്ന് മാറി അത് വ്യക്തിപരമായ ഒരു കണക്ക് തീർക്കൽ എന്ന നിലക്ക് ഒറ്റക്ക് ചെയ്തു തീർക്കുന്നത് കാണുമ്പോൾ ആണ് പുരികം ചുളിഞ്ഞു പോകുന്നത്. അല്ലാത്ത പക്ഷം ആ സീനിനെ കുറ്റം പറയാൻ തോന്നുമായിരുന്നില്ല .പിന്നെ പ്രധാനമായും ഇത് ഒരു യുദ്ധമല്ല surgical strike മാത്രമാണ് . ടൈമിങ്ങിന് ഏറെ പ്രാധാന്യമുള്ള ഒരു ഗ്യാങ് ഓപ്പറേഷൻ. ആ നിലക്ക് കൂടി ചിന്തിക്കുമ്പോൾ അത്തരമൊരു സീനിൽ ഒരു വൺ മാൻ ഫൈറ്റ് ഷോക്ക് ആസ്വാദന സാധ്യത കൽപ്പിക്കാൻ പോലുമാകില്ല. എത്രയൊക്കെ യാഥാർഥ്യ ബോധത്തോടെ ചിത്രീകരിച്ചാലും ഇത്തരം ഓപ്പറേഷൻ സീനുകളിൽ സാധാരണക്കാരെന്ന നിലക്കുള്ള നമ്മുടെ അറിവില്ലായ്‍മ കൊണ്ടും ചില സംശയങ്ങൾ ഉന്നയിക്കപ്പെടാം . അത് കൊണ്ടൊക്കെ തന്നെ ആധികാരികമായ കണ്ടെത്തലുകളല്ല മറിച്ച് ആസ്വാദനപരമായ ഒരു വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്ന് മാത്രം.

ചരിത്രവും സംഭവ കഥകളുമൊക്കെ സിനിമയക്കപ്പെടുമ്പോൾ ഒരു സംവിധായകൻ പ്രധാനമായും നേരിടുന്ന പ്രശ്നം അതിന്റെ അവതരണമാണ്. എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളെ സിനിമയിലൂടെ എങ്ങിനെ അവതരിപ്പിച്ചു പ്രതിഫലിപ്പിക്കുന്നു എന്നതിലാണ് അയാളുടെ മിടുക്ക്. ‘ഉറി’ യിൽ ആദിത്യധർ തന്റെ ആ മിടുക്ക് തെളിയിച്ചിട്ടുണ്ട്. സർജിക്കൽ സ്ട്രൈക്ക് എന്ന കേട്ട് കേൾവിയെ അല്ലെങ്കിൽ വായിച്ചറിവിനെ കാഴ്ചകളിലൂടെ നമ്മളെ അനുഭവപ്പെടുത്താൻ സംവിധായകന് സാധിച്ചു എന്നതിനൊപ്പം തന്നെ ഇനി വരാനിരിക്കുന്ന പട്ടാള സിനിമകൾക്ക് അവതരണപരമായ വെല്ലുവിളികളും ഉയർത്തുന്നുണ്ട് ‘ഉറി’. മേജർ വിഹാൻ സിംഗ് തന്റെ സഹ സൈനികരെ ഊർജ്ജ സ്വലരാക്കാൻ വേണ്ടി ഇടക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഹൌ ഈസ് ദി ജോഷ് എന്ന്. അതിന്റെ മറുപടിയായി ഹൈ സാർ എന്ന് മറ്റു സൈനികർ ഉച്ചത്തിൽ ഊർജ്ജത്തോടെ പറയുമ്പോൾ സിനിമ കാണുന്നവരുടെ ജോഷും അറിയാതെ കൂടി പോകും. അത്തരത്തിൽ പഞ്ച് ഡയലോഗുകൾ കൊണ്ട് പല സീനിലും ആവേശം വിതറുന്നുണ്ടെങ്കിലും സർജിക്കൽ സ്‌ട്രൈക്കിനിടയിൽ ഭീകരവാദികളോട് പറയുന്ന ഒരു ഡയലോഗ് അത് പറയുന്ന ശൈലി കൊണ്ടും സൗണ്ട് മോഡുലേഷൻ കൊണ്ടും വേറെ ലെവലാക്കി മാറ്റുന്നുണ്ട് വിക്കി കൗശൽ.

” അപ്നീ 72 ഹൂറോം കോ ഹമാരാ സലാം ബോൽനാ !! കഹ്‌നാ, ദാവത് പേ ഇൻതസാർ കരേ, ആജ് ബഹുത് സാരെ മെഹ്‌മാൻ കോ ഭേജ്നെവാലെ ഹേ..”

ആകെ മൊത്തം ടോട്ടൽ = ഈ ഇലക്ഷൻ കാലത്ത് റിലീസ് ചെയ്യിപ്പിച്ചു എന്നതൊഴിച്ചാൽ സംശയിക്കപ്പെടേണ്ട രാഷ്ട്രീയ കുബുദ്ധികളൊന്നും സിനിമയിൽ ഇല്ല. മോദിയും പരീക്കറും അജിത് ഡോവലും ദൽബീർ സിംഗ് സുഹാഗുമൊക്കെ സിനിമയിൽ വന്നു പോകുന്നുവെങ്കിലും Uri-the surgical strike അവരുടെ സിനിമയാക്കി മാറ്റാതെ ഇന്ത്യൻ ആർമിയുടെ ടീം സ്പിരിറ്റിന്റെതാക്കി മാറ്റുന്നിടത്താണ് സംവിധായകൻ വിജയിക്കുന്നത്. ഒരു പട്ടാളക്കാരന്റെ നിഴല് കണക്കെ നമ്മളെ കൂടെ കൂട്ടുന്ന കാമറ ഈ സിനിമയുടെ ഒരു വലിയ പ്ലസാണ്. അത് പോലെ തന്നെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ആക്ഷനുമൊക്കെ കൂടെയായി സാങ്കേതികമായുള്ള അവതരണത്തിലും സിനിമ ഏറെ മുന്നിട്ടു നിക്കുന്നു. മേജർ വിഹാൻ സിംഗ് ഷെർഗിലായി വിക്കി കൗശൽ നിറഞ്ഞാടിയ സിനിമ കൂടിയാണ് ഉറി. പരേഷ് റാവലും, യാമി ഗൗതമും, കീർത്തി കുലാരിയും ആരും തന്നെ അവരവരുടെ റോളുകൾ മോശമാക്കിയില്ല. ഒടുക്കം വരെ ഇന്ത്യൻ ആർമിയുടെ സിനിമയായി അവതരിപ്പിച്ചു കൊണ്ട് പോയിട്ട് അവസാന സീനുകൾ നായകൻറെ പ്രതികാര കഥയെന്നോണം പറഞ്ഞവസാനിപ്പിക്കാൻ ശ്രമിച്ചതു മാത്രം മികവുകൾക്കിടയിലെ കല്ല് കടിയായി മാറി. എന്നിരുന്നാലും its a decent and well made army operation movie. Tribute to the Indian Army.

Originally Published in സിനിമാ വിചാരണ