യുഎസ് മേജര്‍ ജനറല്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടു

0

യുഎസ് ആര്‍മിയുടെ മേജര്‍ജനറല്‍ റാങ്കില്‍ ഉള്ള ഒരുദ്യോഗസ്ഥന്‍, ഹറോള്‍ഡ്‌ ജെ ഗ്രീന്‍ ഇന്നലെ അഫ്ഗാനില്‍ കാബൂളിലെ ഒരു മിലിട്ടറി ട്രെയിനിംഗ് അക്കാഡമിയില്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒരു അഫ്ഗാന്‍ പട്ടാളക്കാരന്‍ ഉത്തരവാദിയാണെന്ന് അഫ്ഗാനിലെ, അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാന്‍ പ്രവിശ്യയിലെ യുദ്ധത്തില്‍ ഏറ്റവും മുതിര്‍ന്ന റാങ്കിലുള്ള ഓഫീസറാണ് ഇന്നലെ കൊല്ലപ്പെട്ടത്. അഫ്ഗാന്‍ നേഷണല്‍ ആര്‍മി ഓഫിസര്‍ അക്കാഡമിയില്‍ നടന്ന വെടിവെപ്പില്‍,  ഒരു ജര്‍മന്‍ ബ്രിഗേഡിയര്‍,  ഒരു അഫ്ഗാന്‍ ജനറല്‍ എന്നിവരടക്കം മറ്റു ചിലര്‍ക്ക്കൂടി പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെടിവെപ്പിലേക്ക് നയിച്ച കാരണങ്ങള്‍ ഒന്നുംതന്നെ ഇതുവരെ വ്യക്തമല്ല. പരിക്കേറ്റവര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്ന്, അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു.

അഫ്ഗാനില്‍ സമാധാനം ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട,  "ഇന്റര്‍നാഷണല്‍ സെക്യുരിറ്റി അസ്സിസ്റ്റന്‍സ് ഫോര്‍സ്" (ISAF)  ന്‍റെ, മുതിര്‍ന്ന ഉദ്യോഗസ്ഥരും, അഫ്ഗാന്‍ സൈനിക ഉദ്യോഗസ്ഥരും അടങ്ങിയ സംഘം, "ഘര്‍ഖ" കാമ്പില്‍ യോഗം ചെരുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്നു കരുതപ്പെടുന്നു. കുറെ മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലുള്ള ആക്രമണം ഇവിടെ നടക്കുന്നത്. അമേരിക്ക നയിക്കുന്ന സമാധാനസേനയുടെ പ്രവര്‍ത്തനങ്ങളെ ഇത്തരം  സംഭവങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.