യുഎസ് ഓപ്പണ്‍ ഫൈനലില്‍ സകല നിയന്ത്രണവും വിട്ട് സെറീന; റാക്കറ്റ് എറിഞ്ഞുടച്ചു, റഫറിയെ കള്ളനെന്ന് വിളിച്ചു; പുരസ്‌കാരദാന ചടങ്ങ് അലംകോലമായി

0

യുഎസ് ഓപ്പണ്‍ ഫൈനലില്‍ സകല നിയന്ത്രണവും വിട്ട് സെറീന. 
യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സിന്റെ ഫൈനല്‍ പോരാട്ടം അരങ്ങേറിയ ആര്‍തര്‍ ആഷെ സ്‌റ്റേഡിയം വഹിച്ചത് സമാനകളില്ലാത്ത നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ്. 24-ാം ഗ്രാന്‍സ്ലാം സ്വപ്നം കണ്ടിറങ്ങിയ ടെന്നീസ് റാണി സെറീന വില്യംസിന് തൊട്ടടതെല്ലാം പക്ഷെ  പിഴയ്ക്കുകയായിരുന്നു.
മൽസരത്തിൽ നേരിട്ടുള്ള സെറ്റുകൾക്ക് സെറീനയെ തോൽപ്പിച്ച ജപ്പാൻ താരം നവോമി ഒസാക്ക കിരീടം ചൂടിയിരുന്നു. 6–2, 6–4 എന്ന സ്കോറിനായിരുന്നു ഒസാക്കയുടെ വിജയം.


രണ്ടാം സെറ്റില്‍ 3-3 ന് സ്‌കോര്‍ നില്‍ക്കെ സെറീന ദേഷ്യം നിയന്ത്രിക്കാനാകാതെ റാക്കറ്റ് കോര്‍ട്ടില്‍ എറിഞ്ഞുടയ്ക്കുകയായിരുന്നു. ഇതോടെ ഒരു പെനാല്‍റ്റി പോയിന്റ് കൂടി ലഭിച്ചതോടെ സെറീനയുടെ സകല നിയന്ത്രണവും വഴുതി. അമ്പയര്‍ക്ക് അരികിലെത്തിയ സെറീന വിരല്‍ ചൂണ്ടി നിങ്ങളൊരു കള്ളനാണെന്ന് ഉറക്കെ വിളിച്ചു പറയുകയായിരുന്നു. 

അംപയർ തന്നോടു പക്ഷപാതപരമായി പെരുമാറിയെന്ന സെറീനയുടെ ആരോപണത്തെ പിന്തുണച്ച് മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഒരു സ്ത്രീ ആയതുകൊണ്ടു മാത്രമാണ് അംപയർ തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്ന് സെറീന ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, മൽസരശേഷം സമ്മാനദാനത്തിനിടെ കിരീടജേതാവായ നവോമി ഒസാക്കയെ കൂകിയ കാണികളെ അതിൽനിന്നു വിലക്കിയും സെറീന ശ്രദ്ധ കവർന്നു. നവോമിയുടെ കിരീട വിജയം എന്നെന്നും ഓർമിക്കത്തക്കതാക്കാൻ ഒരുമിച്ചു ശ്രമിക്കാമെന്നായിരുന്നു കണ്ണീരിനിടെ സെറീനയുടെ വാക്കുകൾ.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.