98 ന്റെ നിറവിൽ വി.എസ്

0

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. കോവിഡ് വ്യാപനവും പ്രായാധിക്യവും കാരണം രണ്ടുവർഷമായി രാഷ്ട്രീയത്തിൽ സജീവമല്ലാത്ത അദ്ദേഹം ഒന്നിലും അഭിപ്രായം പറയുന്നില്ലെങ്കിലും എല്ലാം അറിയുന്നുണ്ട്. രണ്ട് വര്‍ഷമായി വിഎസ് വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. തിരുവനന്തപുരത്ത് ബാർട്ടൺഹില്ലിൽ മകൻ വി.എ. അരുൺകുമാറിന്റെ വസതിയിൽ വിശ്രമത്തിലാണ്. പക്ഷാഘാതമുണ്ടായതിനാൽ എഴുന്നേറ്റുനടക്കാൻ മറ്റൊരാളുടെ സഹായം വേണം.

2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വിഎസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തുടര്‍ന്ന് ഇദ്ദേഹത്തിന് പൂര്‍ണ്ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്‍റിന്‍റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ അത് ഒഴിഞ്ഞിരുന്നു.

ജന്മദിനത്തിന് ചടങ്ങുകളൊന്നുമില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. കോവിഡ് മഹാമാരിക്കുശേഷം സന്ദർശകരെ അനുവദിച്ചിട്ടില്ല. മന്ത്രിമാരുൾപ്പെടെ കാണാൻ ആഗ്രഹമറിയിച്ചെങ്കിലും ഡോക്ടർമാരുടെ നിർദേശം കണക്കിലെടുത്ത് ആരും വരേണ്ടെന്നാണ് അറിയിച്ചത്.