വാഗമണ്ണിലെ നിശാപാര്‍ട്ടി: ലഹരി മരുന്നുകൾ പിടിച്ചെടുത്തു; നാല് പേർ അറസ്റ്റിൽ

0

ഇടുക്കി: ഇടുക്കി വാഗമണിൽ സ്വകാര്യ റിസോർട്ടിലെ നിശാ പാർട്ടിയിൽ ജില്ലാ നാർക്കോട്ടിക് സെല്ലിന്റെ റെയ്‌ഡ്‌. നിശാപാർട്ടി നടക്കുന്നിടത്ത് നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. നിശാപാർട്ടി സംഘാടകരെയാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമ സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ കൂടിയായ ഷാജി കുറ്റിക്കാടനെ ചോദ്യം ചെയ്യുകയാണ്.

കഞ്ചാവ്, പത്ത് ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ പിടിച്ചെടുത്തുവെന്നാണ് വിവരം. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് പൊലീസ് തയ്യാറായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. മയക്കുമരുന്ന് എവിടെ നിന്നാണ് എത്തിയതെന്നും ആരാണ് സംഘാടകരെന്നുമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.

ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്ന് പോലീസും നര്‍ക്കോട്ടിക് സംഘവും സ്ഥലത്തെത്തി റെയ്ഡ് നടത്തുകയായിരുന്നു. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് റിസോര്‍ട്ട്.

ജന്മദിന പാർട്ടി ആഘോഷങ്ങൾക്കെന്ന പേരിലാണ് റിസോർട്ട് എടുത്തതെന്നും മൂന്ന് റൂം മാത്രമാണ് എടുത്തത് എണ്ണത്തിൽ കൂടുതൽ ആളുകൾ വന്നപ്പോൾ ചോദ്യം ചെയ്തിരുന്നുവെന്നുമാണ് റിസോർട്ട് ഉടമ നൽകിയ വിശദീകരണം. അതേ സമയം സിപിഐ ഏലപ്പാറ ലോക്കൽ സെക്രട്ടറി കൂടിയായ റിസോർട്ട് ഉടമ ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സിപിഐയിൽ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി കെ കെ ശിവരാമൻ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ എ എസ് പി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിൽ റിസോർട്ടിൽ വീണ്ടും പരിശോധന നടത്തുന്നുണ്ട്.

രണ്ട് ദിവസം മുമ്പ് മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിലായ രണ്ട് പേരിൽ നിന്നാണ് ഇടുക്കിയിലെ നിശാപാർട്ടി സംബന്ധിച്ച വിവരം ലഭിച്ചത്. ഇന്നലെ റെയ്ഡിനിടെ പിടിയിലായ 25 സ്ത്രീകളടക്കം 54 പേരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. മൂന്ന് സംഘങ്ങളാക്കി തിരിച്ചാണ് ചോദ്യം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ടെന്നാണ് വിവരം.

വലിയ രീതിയിലുള്ള പാര്‍ട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒന്‍പത് പേര്‍ ചേര്‍ന്ന് നടത്തിയത്.സമാന രീതിയിലുള്ള പാര്‍ട്ടി ഇവര്‍ മുമ്പും നടത്തിയിട്ടുണ്ട്. പി ടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാല്‍ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.