ഷാരൂഖിനെ അനായാസമായി എടുത്തുയര്‍ത്തിയ വൈഷ്ണവ് സോഷ്യല്‍ മീഡിയയിലെ പുതിയതാരം

0

ഇന്ത്യന്‍ ഐഡൽ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ രാജ്യത്ത് തരംഗമായി മാറിയ വൈഷ്ണവ്  സോഷ്യല്‍ മീഡിയയിലെ പുതിയ താരമാണ്.ദേശീയ ചാനലായ സീ ടിവിയിലെ സരിഗമപ ലിറ്റില്‍ ചാംപ് എന്ന പരിപാടിയിലൂടെയാണ് തൃശ്ശൂര്‍ സ്വദേശിയായ വൈഷ്ണവ് ഗിരീഷിനെ ലോകം അറിയുന്നത്. തന്റെ പാട്ടിലൂടെ കോടിക്കണക്കിന് പ്രേക്ഷകരെയാണ് വൈഷ്ണവ് തന്റെ ആരാധകരാക്കി മാറ്റിയിരിക്കുന്നത്. വൈഷ്ണവിന്റെ ഓരോ ഗാനവും ലക്ഷക്കണക്കിന് പേരാണ് യൂ ടൂബടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ ദിനം പ്രതി കാണുന്നത്.

മത്സരത്തിന്റെ ചാലഞ്ചര്‍ ഒഡീഷനില്‍ വൈഷ്ണവ് ജഡ്ജസിനെയും കാണികളെയും പാടി അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്. അതിനിടയിലാണ് സാക്ഷാല്‍ കിങ് ഖാൻ ഷാരൂഖിനെ അനായാസമായി എടുത്തുയര്‍ത്തി വൈഷ്ണവ് വീണ്ടും താരമായിരിക്കുകയാണ്. ജബ് ഹാരി മെറ്റ് സേജള്‍ എന്ന ചിത്രത്തിന്റെ പ്രചരണവുമായി റിയാലിറ്റി ഷോയില്‍ എത്തിയതാണ് ഷാരൂഖ് ഖാന്‍. മത്സരാര്‍ഥികള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതിനിടയിലാണ് വൈഷ്ണവ് ഷാരൂഖിനെ എടുത്തുയര്‍ത്തിയത്.

ജഡ്ജസിനെ പോലും അതിശയിപ്പിക്കുന്ന പ്രകടനമാണ് പരിപാടിയുടെ ഓരോ എപിസോഡിലും വൈഷ്ണവ് കാഴ്ചവയ്ക്കുന്നത്. ചാലഞ്ചര്‍ ഓഡീഷന്‍ റൗണ്ടിലെ പ്രകടനത്തിന് പിന്നാലെ എല്ലാ ജഡ്ജിമാരും സ്റ്റേജിലെത്തി കുട്ടിയെ അനുഗ്രഹിക്കുകയും ചെയ്തിരുന്നു. ഐ ഹേറ്റ് ലൈ സ്റ്റോറി എന്ന ചിത്രത്തിലെ ബിന്‍ തേര എന്ന് തുടങ്ങുന്ന ഏറെ പ്രശംസ പിടിച്ചു പറ്റിയ ഈ പ്രകടനം രണ്ട് ദിവസത്തിനുള്ളില്‍ ഇരുപത് ലക്ഷത്തോളം പേരാണ് കുട്ടിയുടെ തന്നെ ഫെയ്‌സ്ബുക്ക് പേജിലൂടെ മാത്രം കണ്ടത്. തന്റെ പ്രകടനം വൈറലായതിന് പിന്നാലെ പിന്തുണച്ച എല്ലാവര്‍ക്കും ഫെയ്‌സ്ബുക്കിലൂടെ നന്ദി അറിയിക്കാനും  വൈഷ്ണവ് മറന്നില്ല.