ലഫ്‌റ്റനന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല; മഞ്ജു വാര്യര്‍ മൗനം വെടിയണം; രൂക്ഷമായ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍

1

മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി വനിതാ കമ്മീഷന്‍. ഇരയായ നടിക്കൊപ്പമല്ല സംഘടന. മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉന്നതമായ സാംസ്‌കാരിക നിലവാരമാണ്. അദേഹം ഒരു ലഫ്റ്റനന്റ് കേണല്‍ ആണെന്ന് ഓര്‍ക്കണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞു. 

രാജി വിവാദത്തില്‍ അമ്മ നിലപാട് വ്യക്തമാക്കണം. അമ്മയുടെ നടപടി സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. സംഘടനയില്‍ നിന്ന് രാജിവെച്ച നടിമാര്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല.  മഞ്ജു വാര്യര്‍ നിലപാട് പറയാന്‍ ഭയക്കേണ്ടതില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.

അമ്മയ്ക്കെതിരെ വനിതാകൂട്ടായ്മ തുറന്നടിച്ചതിന് പിന്നാലെയാണ് സംഘടനയെ പൊട്ടിത്തെറിയിലേക്ക് നയിച്ച് നടിമാരുടെ രാജി. ഡബ്ല്യുസിസിയുടെ ഫെയ്ബുക്ക് പേജിലാണ് രാജി പ്രഖ്യാപിച്ചത്. ഫെയ്സ്ബുക്ക് പോസ്റ്റില്‍ നാല് പേരും രാജിയുടെ കാരണവും വിശദീകരിച്ചിട്ടുണ്ട്.  ഇടത് എംഎല്‍എമാര്‍ വിമര്‍ശനത്തിന് ഇടവരുത്തരുതായിരുന്നു.ഇക്കാര്യം പാര്‍ട്ടി പരിശോധിക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു. നാലു നടിമാരുടെ രാജിയില്‍ മഞ്ജു വാര്യര്‍ മൗനം വെടിഞ്ഞ് നിലപാട് വ്യക്തമാക്കണം. തന്റെ അഭിപ്രായം പറയാന്‍ മഞ്ജു ആരെയും ഭയപ്പെടേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ വ്യക്തമാക്കി.