വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു

0

തിരുവനന്തപുരം: പാമ്പു കടിയേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ് അറിയിച്ചു. പത്തനാപുരത്ത് കിണറില്‍ നിന്നും അണലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് വാവാ സുരേഷിന് അണലിയുടെ കടിയേറ്റത്.

വാവയുടെ ആരോഗ്യനില ഗുരുതരമാണെന്ന് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ,​ പ്രചരിക്കുന്നത് അസത്യ വാർത്തകളാണെന്ന് വാവ തന്റെ ഫേസ്‌ബുക്ക് പേജിൽ വിശദീകരിച്ചു. തെറ്റായ വാർത്തകൾക്കു പിന്നാലെ ആരും പോകരുതെന്നും പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ഉടനെ വാർഡിലേക്ക് മാറ്റുമെന്നും വാവ വിശദീകരിച്ചു.

കൊല്ലം പത്തനാപുരത്ത് വച്ച് അണലിയുടെ കടിയേറ്റ വാവ സുരേഷിനെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു വീട്ടിൽ നിന്നു പിടികൂടി കുപ്പിയിലാക്കിയ അണലിയെ പ്രദർശിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് പുറത്തെടുക്കുന്നതിനിടെയാണ് പാമ്പ് വാവ സുരേഷിന്റെ കൈയിൽ കടിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന മരുന്നുപയോഗിച്ച് അദ്ദേഹം പ്രഥമശുശ്രൂഷ നടത്തി. ഉച്ചയോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മൾട്ടി ഡിസിപ്ലിനറി ഐ.സി.യുവിൽ പ്രവേശിപ്പിച്ച വാവയ്ക്ക് ഡോക്ടർമാർ ആന്റിവെനംനല്‍കി വരുകയാണ്. എന്നാൽ,​ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റാറായിട്ടില്ല. അവസാന രക്തപരിശോധനാ ഫലത്തിലും ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകളാണുള്ളത്.