പ്രതിപക്ഷത്തെ ഇനി വി ഡി സതീശൻ നയിക്കും

0

ന്യൂഡല്‍ഹി; പ്രതിപക്ഷത്തെ വി.ഡി സതീശന്‍ എം.എല്‍.എ നയിക്കും. പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.

സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുവ എം.എല്‍.എ മാരുടെ ശക്തമായ പിന്തുണയെതുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്.

മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി.ഡി സതീശനെ തിരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. മുസ്‍‌‌ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.