വീണ്ടും ജനവിധി തേടി വീണാ ജോർജും മുകേഷും: സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് സിപിഎം

0

പത്തനംതിട്ട∙ ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്കുമാറും വീണ്ടും മത്സരിക്കുന്നതിന് സിപിഎം ജില്ലാ െസക്രട്ടേറ്റിയറ്റിന്റെ അനുമതി. കൊല്ലം മണ്ഡലത്തിൽ മുകേഷും, കുണ്ടറയിൽ ജെ. മേഴ്‍സിക്കുട്ടിയമ്മയും ഇരവിപുരത്ത് എം നൗഷാദും തന്നെ മത്സരിക്കും. ചവറയിൽ സുജിത് വിജയനെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനും ജില്ലാ സെക്രട്ടറിയേറ്റിന്‍റെ നിർദേശം.

മന്ത്രി എ.കെ ബാലന് പകരം ഭാര്യ ഡോ. പി.കെ ജമീല തരൂരിൽ സ്ഥാനാർത്ഥിയായേക്കും. നിർദേശങ്ങളിൽ സിപിഎം സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം.

അടൂർ, തിരുവല്ല സീറ്റുകളിൽ സിറ്റിംഗ് എം.എൽ.എമാർ തന്നെ സ്ഥാനാർത്ഥി ആയാൽ മതിയെന്നും ജില്ലാ സെക്രട്ടേറിയറ്റില്‍ നിർദേശമുണ്ട്.

കൊച്ചി, തൃപ്പുണിത്തുറ, കോതമംഗലം സീറ്റുകളിൽ സിറ്റിംഗ് എംഎൽഎമാരെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് എറണാകുളം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ നിർദേശം. വൈപ്പിൻ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ എസ് ശർമക്ക് പകരം ജില്ലാ പഞ്ചായത്ത് മെമ്പർ എം ബി ഷൈനിയുടെ പേരാണ് പരിഗണനയിലുള്ളത്

കൊല്ലം ജില്ലയിൽ സി.പി.ഐ (എം) ഇത്തവണ മത്സരിക്കുന്നത് അഞ്ച് സീറ്റിലാണ്. കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷൻ വിഭാഗം മത്സരിച്ച ചവറ കൂടി സിപിഎം ഏറ്റെടുത്തു ഇവിടെ പാർട്ടി ചിഹ്നത്തിൽ വിജയൻ പിള്ളയുടെ മകൻ സുജിത് വിജയൻ സ്ഥാനാർത്ഥിയാവും. കൊല്ലം മണ്ഡലത്തിൽ എം. മുകേഷും ഇരവിപുരത്ത് എം നൗഷാദ് വീണ്ടും ജനവിധി തേടും.