പഴയ വാഹനങ്ങളുടെ ഷാസി പോലും ഇനി ഉപയോഗിക്കരുത്: കേന്ദ്രസര്‍ക്കാര്‍

0

പഴയ വാഹനങ്ങളുടെ എന്‍ജിനും ഷാസിയും ഉള്‍പ്പെടെയുള്ള ഘടകങ്ങളുടെ പുനരുപയോഗം തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. വേര്‍തിരിക്കുന്ന വാഹനഘടകങ്ങള്‍ പരിസ്ഥിതി മലിനീകരണമുണ്ടാകാത്തവിധം പുനഃചംക്രമണംചെയ്യണമെന്നാണ് നിര്‍ദേശം.

വാഹനനിര്‍മാതാക്കളുടെ പരീക്ഷണവാഹനങ്ങള്‍ ഉപയോഗം കഴിഞ്ഞാലും നിര്‍മാണാനുമതി ലഭിക്കാത്ത വാഹനങ്ങളും പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറണം. ഇവയുടെ ഘടകങ്ങള്‍നിര്‍ബന്ധമായും പുനഃചംക്രമണംചെയ്യണം. ഇവയുടെ ഭാഗങ്ങള്‍ പുതിയ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതും തടയും. വില്പനയ്ക്ക് എത്തിക്കുന്നതിനിടെ അപകടത്തില്‍പ്പെടുന്നവാഹനങ്ങളും ഈ രീതിയില്‍ പൊളിക്കണം

കുറഞ്ഞത് രണ്ടുകോടി രൂപയെങ്കിലും നിക്ഷേപിച്ചാലേ അംഗീകൃത പൊളിക്കല്‍കേന്ദ്രങ്ങള്‍ തുടങ്ങാനാകൂ. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് നികുതിയിളവ് നല്‍കുന്നതിനാല്‍ അംഗീകൃത കേന്ദ്രങ്ങള്‍ക്കുമാത്രമേ ഉടമകള്‍ പഴയവാഹനം കൈമാറുകയുള്ളൂ. നിയമപരമായ ബാധ്യതകള്‍ ഒഴിവാകുമെന്നതും നേട്ടമാണ്.

കഴിഞ്ഞ കേന്ദ്രബജറ്റിലാണ് പഴയവാഹനങ്ങള്‍ പൊളിക്കാനുള്ള നയം പ്രഖ്യാപിച്ചത്. ഇത് നടപ്പാക്കാന്‍ വെഹിക്കിള്‍ ടെസ്റ്റിങ്, സ്‌ക്രാപ്പിങ് കേന്ദ്രങ്ങള്‍ സജ്ജീകരരിക്കാനുള്ള നിയമനിര്‍മാണം പുരോഗമിക്കുകയാണ്. പൊളിക്കല്‍ നയം നടപ്പാക്കുന്നതോടെ ഈ മേഖലയിലെ ചെറുകിടക്കാരുടെ നിലനില്പ് പ്രതിസന്ധിയിലാകും.