പൊളിച്ചടുക്കൽ നയം മറ്റൊരു കോർപ്പറേറ്റ് അജണ്ടയോ?

0

കേന്ദ്ര സർക്കാറിൻ്റെ പുതിയ വാഹന നയം കോർപ്പറേറ്റ് അജണ്ട തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വാഹനത്തിൽ നിന്നും പുറന്തള്ളുന്ന മാലിന്യം കുറക്കാനാണ് നടപടി എന്നാണ് അവകാശപ്പെടുന്നത്. ഇത് പ്രത്യക്ഷമായും പരോക്ഷമായും വാഹന നിർമ്മാതാക്കളെ സഹായിക്കാനാണെന്ന് വ്യക്തമാകുകയാണ്. നമ്മുടെ നാട്ടിൽ ഇന്ന് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ 60 ശതമാനവും ഈ നയത്തിൻ്റെ ഭാഗമായി പൊളിച്ചടുക്കി ആക്രി സാധനങ്ങളായി മാറിത്തീരേണ്ടി വരുന്ന അവസ്ഥയാണ് സംജാതമാകാൻ പോകുന്നത്.

മാത്രമല്ല കോവിഡ് 19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ നിലവിലെ വാഹനങ്ങൾ പൊളിച്ചടുക്കാൻ നൽകി പുതിയ വാഹനങ്ങൾ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് നയവും പരിപാടികളും തീരുമാനിക്കാനുള്ള അവകാശവും സാതന്ത്ര്യവുമുണ്ട്. എന്നാൽ ഏത് തീരുമാനമെടുക്കുമ്പോഴും ആദ്യമായും അവസാനമായും പരിഗണിക്കപ്പെടേണ്ടത്, ഈ നയം പ്രത്യക്ഷത്തിൽ ബാധിക്കുന്ന ജനങ്ങളുടെ താല്പര്യത്തെ തന്നെയായിരിക്കണം. ആ പരിഗണന ഇല്ലാതാകുമ്പോഴാണ് നടപടികൾ ജന വിരുദ്ധമായി മാറിത്തീരുന്നത്.

പ്രസംഗത്തിൽ പ്രിയ ജനങ്ങളെ എന്ന് അഭിസംബോധന ചെയ്യുന്നതിനേക്കാൾ പ്രധാനം ജനങ്ങളുടെ താല്പര്യങ്ങൾ ശ്രദ്ധിക്കുന്ന നടപടികൾ സ്വീകരിക്കുന്നതിലാണ്. ഈ സ്ക്രാപ്പേജ് നയം അതിവേഗതയിൽ പ്രാബല്യത്തിൽ വരുത്തേണ്ട ഒന്നല്ല. ഗഹനമായ ആലോചനകൾ ഇക്കാര്യത്തിൽ അനിവാര്യമാണ്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനതയുടെ മുഖം തന്നെയായിരിക്കണം ഏതൊരു നയതീരുമാനങ്ങളുടെയും പിന്നിലെ പ്രേരക ഘടകമായി വർത്തിക്കേണ്ടത്.