കോഴിക്കോട്ട് കുട്ടികളെ കാണാതായ സംഭവം; 2 യുവാക്കള്‍ക്ക് എതിരെ കേസെടുക്കും

0

കോഴിക്കോട്: ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ പുറത്ത് പോയ സംഭവവുമായി ബന്ധപ്പെട്ട്, ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരേ കേസ്. യുവാക്കള്‍ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും മദ്യം നല്‍കിയെന്നും പെൺകുട്ടികള്‍ പോലീസിന് മൊഴി നല്‍കി. ഇതോടെ സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് യുവാക്കള്‍ കേസില്‍ പ്രതികളാവും. ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് എടുക്കുക.

യുവാക്കൾ ശാരീരിക പീഡനത്തിന് ശ്രമിച്ചെന്നും മദ്യം നൽകിയെന്നും കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. മലപ്പുറം എടക്കരയിലുള്ള യുവാവാണ് കുട്ടികള്‍ക്ക് പണം നല്‍കിയത്. ബാലികാമന്ദിരത്തിലെ അവസ്ഥകൾ മോശമായതിനാലാണ് പുറത്ത് കടക്കാൻ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികൾ പറഞ്ഞു. വൈദ്യ പരിശോധന നടത്തിയതില്‍ ഒരു കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുട്ടികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

ബുധനാഴ്ച കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലുപേരെ മലപ്പുറം എടക്കരയിൽ നിന്നും ആണ് കണ്ടെത്തിയത്. ബാലികാമന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ട് ബെംഗളൂരുവിലെത്തിയ ആറ് പെണ്‍കുട്ടികളില്‍ നാലുപേരാണ് ഇന്നലെ ഐലന്റ് എക്സ്പ്രസ് വഴി പാലക്കാട്ടെത്തിയത്. തുടർന്ന് മലപ്പുറം എടക്കരയിലേക്ക് ബസിലെത്തിയ കുട്ടികളെ എടക്കര പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈകീട്ടോടെ ചേവായൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലെത്തിച്ചു. ബെംഗളൂരുവില്‍ കണ്ടെത്തിയ രണ്ടു കുട്ടികളെയും ഇവർക്കൊപ്പമുളള യുവാക്കളെയും കൊണ്ട് പൊലീസ് സംഘം പുലര്‍ച്ചെ രണ്ടുമണിയോടെയാണ് കോഴിക്കോട്ട് എത്തിയത്.

റിപ്പബ്ലിക്ക് ദിനാഘോഷത്തിനിടെയായിരുന്നു വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ കടന്നുകളഞ്ഞത്. പിന്നീട് ഇവരെ ബെംഗളൂരുവിലെ മഡിവാളയില്‍ മുറി ബുക്ക് ചെയ്തത് ഈ യുവാക്കളായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മഡിവാളയില്‍ ഓടി രക്ഷപ്പെടുന്നതിനിടെ ഒരു പെൺകുട്ടിയെ ഹോട്ടലിലിന് സമീപത്ത് വെച്ചും മറ്റൊരാളെ മാണ്ഡ്യയില്‍ വെച്ചും മറ്റ് നാല് പേരെ മലപ്പുറം എടക്കരയില്‍ വെച്ചും പോലീസ് പിടികൂടി. യുവാക്കളെ കാണാനായിരുന്നു പെണ്‍കുട്ടികള്‍ നിലമ്പൂരിലേക്ക് പുറപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഇവരുടെ പ്രേരണയിലാണോ പെണ്‍കുട്ടികല്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിയത് എന്നതടക്കമുക്കമുള്ള കാര്യങ്ങള്‍ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.