പഞ്ചസാര കൊടുത്താല്‍ ഷാംപൂ പകരം കിട്ടും, ഡൈപര്‍ കൊടുത്താല്‍ ധാന്യം; ഈ രാജ്യത്തില്‍ എല്ലാം ബാര്‍ട്ടര്‍ സംവിധാനത്തില്‍

0

ബാര്‍ട്ടര്‍ സംവിധാനത്തെ കുറിച്ചു നമ്മള്‍ കേട്ടിട്ടുണ്ട്. പണ്ട് കാലത്ത് ഇങ്ങനെയൊരു സംവിധാനത്തില്‍ പല രാജ്യങ്ങളിലും കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിട്ടുമുണ്ട്‌. അരിയ്ക്ക് പകരം ഗോതമ്പും, എണ്ണയ്ക്ക് പകരം ധാന്യങ്ങളും നല്‍കിയിരുന്ന കാലത്തെ പറ്റി നമ്മള്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് എതെങ്കിലും രാജ്യത്ത് ഇതൊക്കെ നടക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ടോ ?

നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊടുക്കല്‍ വാങ്ങല്‍ സംവിധാനമായ ബാര്‍ട്ടര്‍ രീതി വീണ്ടും പുനര്‍ജനിച്ചിരിക്കുകയാണ്, അങ്ങ് ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍. ദാരിദ്ര്യം മൂലം ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ്  ഈ സംവിധാനത്തിലേക്ക് ഈ രാജ്യം നീങ്ങുന്നത്‌.  രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരമൊരു ജീവിതശൈലി രൂപപ്പെടുത്താന്‍ ഇവിടുത്തെ ജനങ്ങളെ ഇപ്പോള്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നത്.ഓരോരുത്തരും വസ്തുക്കള്‍ പരസ്പരം കൈമാറി ജീവിതം മുന്നോട്ട് നയിക്കുന്നു.

എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ രീതികളില്‍ നിന്നും വ്യത്യസ്തമായി സോഷ്യല്‍ മീഡിയ വഴിയാണ് ആളുകള്‍ വെനിസ്വേലയില്‍ വസ്തുക്കള്‍ കൈമാറ്റം ചെയ്യുന്നത്.ഫേസ്ബുക്ക്,ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം,വാട്‌സാപ്പ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ബാര്‍ട്ടര്‍ സംവിധാനം രാജ്യത്ത് പൊടിതട്ടിയെടുത്തിരിക്കുന്നു.

വിവിധ ഗ്രൂപ്പുകളായാണ് ഇവരുടെ പ്രവര്‍ത്തനം. ഒരു പ്രദേശത്ത് 250 പേര്‍ വരെയുണ്ട് ഇത്തരത്തില്‍ എണ്ണിയാലൊടുങ്ങാത്ത സംഘങ്ങള്‍ ബാര്‍ട്ടര്‍ സംവിധാനം തുടരുന്നതായി സര്‍വ്വേ വ്യക്തമാക്കി. ചാറ്റിംഗില്‍ ഭക്ഷണം, മരുന്ന് തുടങ്ങിയവയെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നതെന്ന് ജനങ്ങള്‍ പറയുന്നു. വാട്‌സാപ്പിലും ഫേസ്ബുക്കിലും വിവിധ ഗ്രൂപ്പുകളുമുണ്ട്.ഒരു ബാഗ് ധാന്യം കൊടുത്ത് ഒരു ആളുകള്‍ ഒരു ബോട്ടില്‍ ഷാംപു വാങ്ങുന്നു ഇവിടെ

എണ്ണവില്‍പ്പനയെ പ്രധാന വരുമാന മാര്‍ഗമാക്കിയിരുന്ന വെനിസ്വേലക്ക് കയറ്റുമതിയില്‍ ഉണ്ടായ നഷ്ടം രാജ്യത്തെ കടുത്ത സാമ്പത്തിക ദുരന്തത്തിലേക്ക് നയിച്ചതാണ് എല്ലാത്തിനും തുടക്കം കുറിച്ചത്.സബ്‌സിഡി പ്രകാരം ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ കഴിയാതെ വന്നതും പണപ്പെരുപ്പം വര്‍ദ്ധിച്ചതും വലിയ തിരിച്ചടിയായി. പ്രതിവിധികളൊന്നും തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ പുതിയ ജീവിത രീതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു.