‘ശരിക്കും ഇര ഞാൻ’; ആരോപണങ്ങൾ നിഷേധിച്ച് വിജയ് ബാബു; പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി

0

കൊച്ചി : നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും കേസും മലയാള സിനിമാലോകത്തെയാകെ പിടിച്ചുകുലുക്കിയ ഒരു വാർത്തയായിരുന്നു. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പോലീസാണ് താരത്തിനെതിരെ കേസെടുത്തത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് ഫ്‌ലാറ്റിൽ വെച്ച്‌നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ, ഇതിന് പിന്നാലെ തനിക്കെതിരായ ആരോപണങ്ങൾ എല്ലാം നിഷേധിച്ചുകൊണ്ട് താരം രംഗത്തെത്തി. എഫ്ബി ലൈവിലൂടെയാണ് പരാതിക്കാരിക്കെതിരെ വിജയ് ബാബു തുറന്നടിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയതിനൊപ്പം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണ്.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2018 മുതൽ യുവതിയെ അറിയാം. എന്നാൽ 5 വർഷത്തിനിടെ അവരുമായി ഒന്നുമുണ്ടായിട്ടില്ല. സിനിമയിൽ കൃത്യമായി ഓഡീഷന് വന്നതിന് ശേഷം അഭിനയിക്കുകയാണ് ചെയ്തത്. പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീൻ ഷോട്ടുകളും കൈവശമുണ്ട്. ഒന്നര വർഷത്തോളം മെസേജ് അയക്കാതിരുന്ന കുട്ടി തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ എല്ലാം താരം നിഷേധിച്ചു.

ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. താരത്തെ ചോദ്യം ചെയ്യാനും പോലീസിന് സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേയ്‌ക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു.