ഒരു നായകന്റെ ഉദയം

0

കോളിവുഡില്‍ 2017 വാര്‍ത്തകളുടെയും ഒരു താരോദയത്തിന്റെയും വര്‍ഷമായിരുന്നു. സിനിമയ്ക്കു പുറത്ത് രജനി കാന്തും കമല്‍ഹാസനും വാര്‍ത്തകളില്‍ നിറയുകയും സിനിമകളില്‍ നിന്ന് അകലുകയും ചെയ്തപ്പോള്‍ സാവകാശം താരപദവിയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു വിജയ് സേതുപതി.
അജിത്തും വിജയും വിക്രമും സൂര്യയുമൊക്കെ ടൈപ്പുകളില്‍ കുടുങ്ങിക്കിടന്നപ്പോള്‍ വിജയ് സേതുപതി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ കൊണ്ട് മിനിമം ഗ്യാരണ്ടി നല്‍കി നിര്‍മ്മാതാക്കളുടെ മനസ്സിലേക്കാണ് ഓടിക്കയറിയത്. കോളിവുഡിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ വിക്രം വേത തന്നെ ഉദാഹരണമായെടുക്കാം. 11 കോടി ചെലവില്‍ നിര്‍മ്മിച്ച ചിത്രം ഏതാണ്ട് 100 കോടിയോളമാണ് കളക്ട് ചെയ്തത്.
മൂന്നാം തലമുറ താരങ്ങളുടെ ഒരു വലിയ നിര തന്നെ ഉണ്ടെങ്കിലും നിരവധി പുതുമുഖ താരങ്ങള്‍ക്കും അവസരങ്ങള്‍ ഉണ്ടെന്നതാണ് കോളിവുഡിന്റെ പ്രത്യേകത. അജിത്തും വിജയും വിക്രവും സൂര്യയുമെല്ലാം വര്‍ഷത്തില്‍ ഒന്നും രണ്ടും ചിത്രങ്ങളില്‍ ഒതുങ്ങുമ്പോള്‍ ഈ കാലയളവിലെ വിടവിലേക്കാണ് പുതുമുഖ താരങ്ങള്‍ എത്തുന്നത്. ഇതിനിടയില്‍ സ്വന്തം നിര്‍മ്മാണ കമ്പനികള്‍ വച്ച് സ്വയം നായകന്മാരാണെന്നു കരുതി അഭിനയിക്കുന്നവരുടെ ഒരു കൂട്ടം വേറെയുമുണ്ട്. പക്ഷേ ഇവര്‍ക്കെല്ലാവര്‍ക്കും അവരുടേതായ സ്ഥാനം കോളിവുഡില്‍ ഉണ്ട് എന്നത് പ്രത്യേകതയും. ഈ നായകന്മാര്‍ക്കിടയിലൂടെ തന്‍റേതായ അഭിനയ ശൈലി കൊണ്ടു മാത്രമാണ് വിജയ് സേതുപതി മുന്‍നിരയിലേക്ക് എത്തിയത്. “ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ റോള്‍ പോലും എനിക്ക് തരാന്‍ മടിച്ചിരുന്നു” എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞിരുന്നു.
2018 വിജയ് സേതുപതിയുടെ വര്‍ഷമാണ്. മണിരത്തിനത്തിന്റേത് അടക്കം എട്ടു ചിത്രങ്ങളിലേക്കാണ് താരം ഈ വര്‍ഷം കരാറായിരിക്കുന്നത്. ഏതാണ്ട് എട്ടു വര്‍ഷക്കാലം പല വാതിലുകള്‍ മുട്ടി ആള്‍ക്കൂട്ടത്തില്‍ ഒരാളായി തുടര്‍ന്ന അദ്ദേഹത്തിന് സിനിമയില്‍ ഗോഡ്ഫാദര്‍മാരും ഇല്ല. “സിനിമയില്‍ ഒന്നും എളുപ്പമല്ല. പ്രൊഡക്ഷന്‍ കമ്പനികളില്‍ ഫോട്ടോ ഏല്‍പിച്ചാല്‍ അത് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ അടുത്തു പോലും എത്തില്ല,” വിജയ് സേതുപതി പറയുന്നു. ഈ അലച്ചിലിനിടയിലാണ് ഷോര്‍ട്ട് ഫിലിം മേക്കര്‍ ആയ കാര്‍ത്തിക് സുബ്ബരാജുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കുന്നത്. അതിലൂടെ 2012-ല്‍ കാര്‍ത്തിക് സംവിധാനം ചെയ്ത പീറ്റ്‌സ എന്ന ചിത്രത്തില്‍ എത്തി. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രം കറുത്ത ഫലിതങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. തുടര്‍ന്ന് ചൂതു കവും. പിന്നീടങ്ങോട്ട് വിജയ് സേതുപതിയുടെ ചിത്രങ്ങളില്ലാത്ത ഒരു വര്‍ഷം പോലും ഉണ്ടായിട്ടില്ല. “ഇപ്പോള്‍ എനിക്ക് തിരക്കഥ വായിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇപ്പോള്‍ തമിഴ് സിനിമയില്‍ വിജയ് സേതുപതി എന്നൊരു നായകനുണ്ട് എന്ന് ജനത്തിനറിയാം. ഇനി വിജയ് സേതുപതി കളക്ഷന്‍ എന്ന് ജനങ്ങള്‍ വിളിക്കുന്ന ഒരു കൂട്ടം ചിത്രങ്ങളില്‍ അഭിനയിക്കുകയാണ് എന്റെ ലക്ഷ്യം,” വിജയ് സേതുപതി പറയുന്നു. പ്രശസ്ത സംവിധായകന്‍ ബാലുമഹേന്ദ്ര ക്ലിക്ക് ചെയ്ത ഒരു ഫോട്ടോ മാറ്റി മറിച്ച ജീവിതം. “നിന്റെ മുഖം സിനിമയ്ക്ക് ചേരും” എന്ന് എന്‍റെ മുഖം പോലും അറിയാത്ത അദ്ദേഹം പറഞ്ഞ വാക്കുകളാണ് എന്നെ ഈ മേഖലയില്‍ ഈ ഉയരത്തില്‍ എത്തിച്ചത്,” വിജയ് സേതുപതി ഓര്‍ക്കുന്നു.