കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദും: വൈറലായി ‘വിക്രം’ ഫസ്റ്റ് ലുക്ക്

0

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘വിക്ര’ത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. കമലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിജയ് സേതുപതിയും ഫഹദ് ഫാസിലും പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്. മൂവരുടെയും കഥാപാത്രങ്ങളുടെ ക്ലോസപ്പുകള്‍ അടങ്ങിയതാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള പോസ്റ്റര്‍.

പുറത്തിങ്ങി മിനിറ്റുകൾക്കകം തന്നെ തമിഴ്–മലയാള സിനിമാലോകം പോസ്റ്റർ‌ ഏറ്റെടുത്തു. കൈതി, മാസ്റ്റർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ലോകേഷ് കനകരാജ്. വിജയ് നായകനായ ‘മാസ്റ്ററി’നു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമല്‍ ഹാസന്‍റെ കഴിഞ്ഞ പിറന്നാള്‍ ദിനത്തിലായിരുന്നു ടൈറ്റില്‍ പ്രഖ്യാപനം. കമല്‍ ഹാസനും ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പം നരെയ്‍നും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ ഫഹദിന്റേത് വില്ലൻ കഥാപാത്രമാണെന്ന് സൂചനയുണ്ട്.

ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ലോകേഷ് ചിത്രങ്ങളായ കൈതിയുടെയും മാസ്റ്ററിന്‍റെയും ഛായാഗ്രാഹകനായ സത്യന്‍ സൂര്യനെയാണ് വിക്രത്തിലും ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് മറ്റു പ്രോജക്റ്റുകളുടെ തിരക്കുകള്‍ വന്നതിനാല്‍ പിന്മാറുകയായിരുന്നു. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗിതം ഒരുക്കുന്നത്. കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ്.