ഇന്ന് വിനായക ചതുർഥി: ഘോഷയാത്രകൾ കോവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ച്

0

വിഘ്ന നിവാരകനായ ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിയതിയും ഒന്നിച്ചു വരുന്ന അപൂര്‍വദിനമാണ് ഇന്നാണ് ഭക്തർ വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർഥി ദിവസമാണു വിനായക ചതുർഥി. ഈ ദിവസം ഗണപതി വിഗ്രഹങ്ങൾ പ്രത്യേക അനുഷ്ഠാന കർമങ്ങളോടെ പ്രതിഷ്ഠിക്കുകയും പൂജ നടത്തുകയും ചെയ്യുന്നു.

ഇത്തവണയും വിനായക ചതുർഥി ഘോഷയാത്രകൾ കോവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചുമാത്രമായിരിക്കും. കളിമണ്ണിൽ തീർത്ത മഹാഗണപതി വിഗ്രഹങ്ങൾ എഴുന്നള്ളിച്ചു നൂറു കണക്കിനു ഭക്തർ ഗണേശ സ്തുതിയും ആർപ്പു വിളികളുമായി നീങ്ങുന്ന ഘോഷയാത്രകൾ രണ്ടാം വർഷവും ഇല്ല.

മോദകം എന്ന പലഹാരം തയാറാക്കി ഗണപതിക്കു സമർപ്പിക്കുന്നു. രാവിലെ ഗണപതി വിഗ്രഹം ക്ഷേത്ര അങ്കണത്തിൽ വച്ചു പൂജ ചെയ്തു അന്നോ ഒൻപത് ദിവസത്തിനകമോ ഘോഷയാത്രയായി കൊണ്ടു പോയി ജലാശയങ്ങളിൽ നിമജ്ജനം ചെയ്യുകയാണ് പതിവ്. എന്നാൽ ഇക്കുറിയും ഘോഷയാത്രയോ ജനങ്ങൾ കൂട്ടം കൂടുന്ന നിലയിലുള്ള ആഘോഷങ്ങളോ നടത്തരുതെന്നാണ് സർക്കാർ നിർദേശം.

വിനായക ചതുർത്ഥി ഉത്തരേന്ത്യയിൽ വലിയ ആഘോഷമാണെങ്കിലും കേരളത്തിൽ ഗണപതി ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ചടങ്ങാണിത്. കേരളത്തിൽ കൊട്ടാരക്കര,മള്ളിയൂർ, വാഴപ്പിള്ളി, പഴവങ്ങാടി തുടങ്ങി പ്രസിദ്ധമായ നിരവധി ഗണപതി ക്ഷേത്രങ്ങളിൽ ചതുർഥി ദിനങ്ങളിൽ വിശേഷാൽ പൂജകളും ചടങ്ങും നടക്കും.

28 വർഷമായി വിഗ്രഹങ്ങൾ നിർമിക്കുന്ന നെല്ലിക്കുന്ന് ലക്ഷ്മീശ ആചാര്യ വിനായക ചതുർഥി ആഘോഷത്തിനു വേണ്ടി ഇത്തവണ ഇരുപതിലേറെ വിഗ്രഹമാണ് ഒരുക്കിയത്. അനന്തപുരം അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മഹാഗണപതി ഹോമം നടക്കും. സീതാംഗോളി, പെർണ, സൂരംബയൽ എന്നിവിടങ്ങളിൽ നിന്നു ഗണേശോത്സവ സമിതി നേതൃത്വത്തിൽ ക്ഷേത്രത്തിലേക്കുള്ള ഗണപതി നിമജ്ജന ഘോഷയാത്ര ഒഴിവാക്കിയിട്ടുണ്ട്. മധൂർ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രത്തിൽ വിനായക ചതുർഥി പ്രമാണിച്ചു കൂടുതൽ പേർ ദർശനത്തിനെത്തുമെങ്കിലും പതിവു പൂജകൾ മാത്രമാണ് നടക്കുക. ചില വിഭാഗങ്ങളുടെ വീടുകളിൽ ഗണപതി പൂജകൾ നടക്കും.