അവാര്‍ഡ്‌ സങ്കലപ്പങ്ങളെ പൊളിച്ചെഴുതിയ വിനായകന്‍

0

കമ്മട്ടിപാടം കണ്ടിറങ്ങിയവരുടെ മനസ്സില്‍ ഗംഗന്റെ ആ മുഖം ഇപ്പോഴും ഉണ്ട് . എന്തുകൊണ്ട് ഗംഗയായി വിനായകനെ കാസ്റ്റ് ചെയ്തുവെന്ന ചോദ്യത്തിന് സംവിധായകന്‍ രാജീവ് രവിയ്ക്ക് ഒറ്റ ഉത്തരമേ ഉള്ളൂ , അവനെ പോലെ വേറൊരാളെ കിട്ടുമോ? ശരിയാണ് വിനായകനെ പോലെ വിനായകന്‍ മാത്രമേ ഉള്ളു .മലയാളസിനിമയില്‍ വിനായകന്‍ എത്തിയിട്ട് കാലങ്ങളായി .ഗുണ്ടയായും ദുര്‍നടപ്പുകാരനായും സ്ക്രീനില്‍ വിനായകന്‍ ഒരുപാട് വട്ടം വന്നു മുഖം കാണിച്ചു പോയിട്ടുണ്ട് .പക്ഷെ ഗംഗനെ പോലെ ഒരുവന്‍ ഇതുവരെ വന്നിട്ടില്ല .അത് വിനായകനു വേണ്ടി എടുത്തുവെച്ച വേഷം തന്നെ .

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയ ഒന്നടങ്കം കൈകോര്‍ത്തത് വിനായകന് വേണ്ടിയാകും.ഗംഗയെ ജൂറി കാണാതെ പോകുമോ എന്നായിരുന്നു പലരുടെയും ഭയം .പ്രമുഖ നടന്മാരെ മാത്രം കണ്ടിരുന്ന അവാര്‍ഡ്‌ കമ്മറ്റിക്കാരും ചാനലുകളും വിനായകനെ തഴഞ്ഞപ്പോള്‍ സ്റ്റേറ്റ് അവാര്‍ഡിന്റെ രൂപത്തില്‍ വിനായകന് അംഗീകാരം എത്തുക തന്നെ ചെയ്തു .കമ്മട്ടിപ്പാടം എന്ന സിനിമയില്‍ നായകന്‍ ദുല്‍ക്കര്‍ ആണ് .എന്നാല്‍ സിനിമയിലേക്ക് പ്രവേശിക്കുമ്പോള്‍ കമ്മട്ടിപ്പാടത്തിനും കണ്ടിറങ്ങിയ കാഴ്ചക്കാരന്റെ ഹൃദയത്തിനും ഒരേ ഒരു നായകനായി ഗംഗ മാറും എന്നതില്‍ സംശയം ഇല്ല .

എന്നിട്ടും മലയാളത്തിലെ പ്രമുഖ ചാനലുകൾ അടക്കം അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വിനായകൻെറ അഭിനയ പ്രകടനം പലരും കണ്ടില്ലെന്ന് വെച്ചു.ഒടുവിൽ സോഷ്യൽ മീഡിയയിലെ സിനിമാ പാരഡീസോ ക്ലബ്ബാണ് വിനായകന് മികച്ച നടനുള്ള പുരസ്കാരം ആദ്യമായി നൽകുന്നത്. വനിതയുടെ സ്പെഷ്യൽ പെർഫോർമൻസിനുള്ള പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

വിനായകന് ഇത് ഗംഗയെന്ന കഥാപാത്രത്തിനപ്പുറം അയാള്‍ ജനിച്ച, കളിച്ചുവളര്‍ന്ന, സ്വന്തം നാടിന്റെ ചരിത്രമായിരുന്നു കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തിനും അവിടെയുള്ള മനുഷ്യര്‍ക്കും എന്ത് സംഭവിച്ചുവെന്ന് നിങ്ങളൊന്ന് അന്വേഷിക്കൂ എന്ന് ആ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഒരു വേദിയില്‍ വൈകാരികമായി വിനായകന്‍ പറയുന്നുണ്ട്. അവാര്‍ഡിനായി വിനായകൻ മത്സരിച്ചത് മോഹന്‍ലാലിനോടും, ഫഹദ് ഫാസിലിനോടുമൊക്കെയാണ്.എന്നിട്ടും വിനായകന്‍ അവാര്‍ഡ്‌ നേടി .

രാജീവ് രവിയും അമല്‍ നീരദും ആഷിക് അബുവും സമീര്‍ താഹിറും സിനിമയിലേക്ക വന്നിറങ്ങിയ മഹാരാജാസില്‍ നിന്ന് അവരുടെ ചങ്ങാതിയായാണ് വിനായകനും സിനിമയിലെത്തിയത്.എറണാകുളം കമ്മട്ടിപ്പാടം സ്വദേശിയായ വിനായകന്‍ ഫയര്‍ ഡാന്‍സിലൂടെ ഉ്ത്സവവേദികളില്‍ സജീവമായിരുന്നു. ബ്ലാക്ക് മെര്‍ക്കുറി എന്ന ഗ്രൂപ്പിനൊപ്പമായിരുന്നു വിനായകന്റെ നൃത്ത പരിപാടികള്‍.സിനിമയില്‍ എത്തുന്നത് മാന്ത്രികം എന്ന ചിത്രത്തിലൂടെ ആണ് .മിക്കപ്പോഴും തന്റെ രൂപം കൊണ്ട് വിനായകന് ലഭിച്ചത് ക്വട്ടേഷന്‍ ടീമിലൊരാളുടെ വേഷം തന്നെയായിരുന്നു .മലയാളം, കന്നഡ, തമിഴ്, ഹിന്ദി എന്നീ ഭാഷകളില്‍ നാല്‍പതിലേറെ സിനിമകളില്‍ അഭിനയിച്ചൊരു നടനായി വിനായകന്‍ വളര്‍ന്നിട്ടും, നമ്മുടെ മുഖ്യധാരാ അയാള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിരുന്നില്ല .

എങ്കിലും  വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വിനായകനെ തേടി ഗംഗ എത്തി .വലിയ വലിയ താരനിശകള്‍ കാണാതെ പോയ ഈ നടന് ഇന്ന് ലഭിച്ച ഈ അംഗീകാരം മലയാളസിനിമയില്‍ ഒരു പൊളിച്ചെഴുത്ത് തന്നെ നടത്തും എന്ന് നമ്മുക്കും പ്രതീക്ഷിക്കാം .എന്തായാലും  ജൂറിക്കും വിനായകനും അഭിനന്ദനങ്ങള്‍…