അമ്മയ്ക്കൊരുമ്മ; ഒപ്പം മുത്തശ്ശനും; വൈറലായി ഫോട്ടോഷൂട്ട്

0

ദോഹ: ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ രസകരമായൊരു ഫോട്ടോഷൂട്ട് വൈറലായിക്കൊണ്ടിരിക്കയാണ്. ഭാര്യാഭർത്താക്കന്മാർ മാത്രം താരമാവുന്ന ഗർഭകാല ഫോട്ടോഷൂട്ടിൽ മുത്തശ്ശിയേയും മുത്തശ്ശനെയും ഉൾക്കൊള്ളിച്ച് വ്യത്യസ്തരായിരിക്കയാണ് ദോഹയിലെ ഈ മലയാളി കുടുംബം.

മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആർട്ട് പാർക്കിൽ ശ്രീജിത്ത് എം. ഹരിയും ഭാര്യ സിന്തിയയും ചേർന്നുള്ള ഗർഭകാല ഫോട്ടോ ഷൂട്ട് കണ്ടുകൊണ്ടിരിക്കുന്നതിനിടെയാണ് ശ്രീജിത്തിന്റെ അച്ഛൻ തൃശൂർ കുന്നംകുളം ആനായിക്കൽ സ്വദേശിയായ ഹരിശ്ചന്ദ്രനും ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ ആഗ്രഹം തോന്നിയത്.

തന്റെ ചെറുപ്പ കാലത്ത് ഇത്തരം ഫോട്ടോ ഷൂട്ടുകളില്ലല്ലോ എന്നായിരുന്നു അച്ഛന്റെ സങ്കടമെന്ന് ശ്രീജിത്ത്. പിന്നെ ഒന്നും ആലോചിച്ചില്ല. അച്ഛന്റെ ആഗ്രഹം മകൻ സാധിച്ചു കൊടുത്തു. അച്ഛന്റെ കുടവയർ ആയിരുന്നു താരം. അമ്മ ഷൈലജയെ പോസുചെയ്യിക്കാൻ ഇത്തിരി പ്രയാസപെട്ടെന്നു മാത്രം.

ദോഹയിലെ പ്രശസ്ത ഫൊട്ടോഗ്രഫർ മുസ്തഫ പട്ടാമ്പിയാണ് ചിത്രം പകർത്തിയത്. ദീർഘകാലം ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിലെ ജീവനക്കാരനായിരുന്ന ഹരിശ്ചന്ദ്രൻ മകനെയും മരുമകളെയും കാണാൻ അടുത്തിടെയാണ് ദോഹയിലെത്തിയത്. ദോഹയിൽ ഇലക്ട്രിക്കൽ എൻജിനീയറാണ് ശ്രീജിത്ത്. ഭാര്യ സിന്തിയ ദന്ത ഡോക്ടറാണ്.