‘ഞാനും കോലിയും ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ല’; രോഹിത് ശർമ

0

ഐസിസി ചാമ്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിൽ നിന്ന് താൻ വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് രോഹിത് ശർമ. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിലായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം.

ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ കിരീടം നേടിയശേഷം വിരാട് കോലിക്കൊപ്പമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആഘോഷം ആരാധകര്‍ ഏറ്റെടുത്തതാണ്. വിജയറണ്‍ പിറന്നതിന് പിന്നാലെ പരസ്പരം ആലിംഗനം ചെയ്ത ഇരുവരും ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി.

കോലിയുടെ അടുത്തെത്തിയ രോഹിത് പറഞ്ഞ വാക്കുകള്‍ ക്യാമറകള്‍ പിടിച്ചെടുക്കുകയും ചെയ്കു. ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ എന്നായിരുന്നു കോലിയെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞത്. രോഹിത്തിന്‍റെ വാക്കുകള്‍ക്ക് അതെയെന്ന് കോലി തലയാട്ടുകയും ചെയ്തു.

വാര്‍ത്താ സമ്മേളനത്തിനിടെ, ആരും ചോദിക്കാതെ തന്നെ ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ രോഹിത്. ഞാന്‍ ഏകദിനങ്ങളില്‍ നിന്ന് വിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും വ്യക്തമാക്കി.

‘ഇപ്പോൾ ഭാവിയെക്കുറിച്ച് പദ്ധതികളൊന്നുമില്ല. ഇപ്പോൾ എന്ത് ചെയ്യുന്നുവോ, അത് തന്നെ ഇനിയും തുടരും. ഒരുപാട് താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ വലിയ ആ​ഗ്രഹമുണ്ട്. അതിൽ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുള്ള സീനിയർ താരങ്ങളും ഉൾപ്പെടുന്നു.

ക്രിക്കറ്റിനോടുള്ള മുതിർന്ന താരങ്ങളുടെ ആവേശം യുവതാരങ്ങൾക്കും പകർന്ന് കിട്ടുന്നു. എങ്കിലും ഇന്ത്യൻ ടീമിൽ അഞ്ചോ ആറോ മികച്ച താരങ്ങൾ സ്ഥിരമായി ഉണ്ടാകും. അത് ഇന്ത്യൻ ടീം മാനേജ്മെന്റിന് ജോലി എളുപ്പമാക്കുന്നു.’ രോഹിത് ശർമ വ്യക്തമാക്കി.

ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.