കോഹ്‌ലിയ്ക്കും അനുഷ്കയ്ക്കും താമസിക്കാന്‍ 34 കോടി രൂപയുടെ അത്യാഡംബര വസതി

0

ഇറ്റലിയില്‍ നടന്ന ബ്രഹ്മാണ്ഡ വിവാഹഘോഷങ്ങള്‍ക്ക് ശേഷം ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും മുംബൈയില്‍ കാലു കുത്തുമ്പോള്‍ പുതിയതായി താമസം ആരംഭിക്കുന്ന അത്യാഡംബര വസതിയാണ്‌ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ‘വിരുഷ്‌ക’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ദമ്പതി മിക്കവാറും മുംബൈ വോര്‍ളിയിലെ ക്രിക്കറ്റ് താരങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

വോര്‍ളിയില്‍ അറബി ക്കടലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന 34 കോടി രൂപ വിലമതിക്കുന്ന ആഡംബര ഗൃഹത്തിലെക്കാണ് ഇരുവരും മാറുന്നത്. ഓംകാര്‍ റിയല്‍ടേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സിന്റെ റസിഡന്‍ഷ്യല്‍ പ്രൊജക്ട് ആയ ഓംകാര്‍ ‘1973’ ന്റെ ഭാഗമായ ഈ അപ്പാര്‍ട്ട്‌മെന്റിന് 7,171 ചതുരശ്ര അടി വലിപ്പമുണ്ട്. സമുച്ചയത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ സി-ടവറിലാണ് ഇവരുടെ വീട്.

മുറിക്ക് കൂടുതല്‍ വിസ്താരം നല്‍കുന്ന 13 അടി ഉയരത്തിലുള്ള മേല്‍ക്കൂര, ഓരോ കിടപ്പ് മുറിയില്‍ നിന്നും നീളുന്ന വരാന്തകള്‍ തുടങ്ങിയ വ്യത്യസ്തതകള്‍ അങ്ങനെ പലതരം സവിശേഷതകള്‍ അടങ്ങിയതാണ് ഈ ഫ്ലാറ്റ്. വോര്‍ളിയിലെ ഓംകാര്‍ 1973 സമുച്ചയത്തില്‍ 2,600 മുതല്‍ 18,200 ചതുരശ്ര അടി വരെ വലിപ്പമുള്ള ഫ്‌ളാറ്റുകളാണുള്ളത്. പ്രൗഢമായ പ്രവേശന മുറി, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സ്പാ, കായികാഭ്യാസങ്ങള്‍ക്കും, ഫിറ്റനസ് പരിശീലനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, പാര്‍ട്ടികള്‍ നടത്താന്‍ പാകത്തില്‍ തുറന്ന മട്ടുപ്പാവ്, കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം, നീന്തല്‍ക്കുളം, ക്രഷ് തുടങ്ങിയവയൊക്കെ താമസക്കാരുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ഒരുക്കിയിരിക്കുന്നു.വിരാടിനും അനുഷ്‌കയ്ക്കും ഒരു പരിചയക്കാരന്‍ കൂടി അയല്‍പ്പക്കത്തുണ്ട്. ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഇതേ കെട്ടിടത്തിന്റെ 29 ാം നിലയില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിട്ടുണ്ട് യുവി.