പാടി മുഴുമിപ്പിക്കാത്ത വരികളുമായി…;മകളുടെ അന്ത്യചുംബനം ഏറ്റുവാങ്ങി വിഷ്ണുപ്രസാദ് യാത്രയായി

0

നീണ്ടകര : പാടിമുഴുമിപ്പിക്കാത്ത വരികളുമായി വിഷ്ണുപ്രസാദ് പൊൻമകളുടെ അന്ത്യചുംബനം ഏറ്റുവാങ്ങി യാത്രയായി. മകളുടെ വിവാഹത്തലേന്നു ഗാനമേളയിൽ പാടിക്കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരണമടഞ്ഞ എസ്ഐ നീണ്ടകര പുത്തൻതുറ ചമ്പോളിൽ തെക്കതിൽ പി. വിഷ്ണുപ്രസാദിന് നാടും വീടും ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് യാത്രാമൊഴി നൽകിയത്.താഴത്തുരുത്ത് ചമ്പോളിൽ വീട്ടുവളപ്പിൽ തിങ്കളാഴ്ച വൈകീട്ട് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു.

അച്ഛൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിശ്വാസത്തിൽ ഞായറാഴ്ച വിവാഹശേഷം വരന്റെ വീട്ടിലേക്കു തിരിച്ച ആർച്ചയെ ഇന്നലെ വരവേറ്റത് അച്ഛനില്ലാത്ത വീടായിരുന്നു. ആർച്ചയെയും അമ്മയെയും സഹോദരിയെയും മരണവിവരം അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു. തലേന്നു രാത്രി കുഴ‍ഞ്ഞു വീണ വിഷ്ണുപ്രസാദ് ആശുപത്രിയിൽ ഐസിയുവിലാണെന്നായിരുന്നു ഇവരെ ധരിപ്പിച്ചിരുന്നത്.