കോവിടിന്റെ പിടിയിൽ പെട്ടുഴലുമ്പോൾ പടക്കങ്ങളുടെ ആരവങ്ങളും, ആഘോഷങ്ങളുടെ പകിട്ടുമില്ലാതെ മലയാളിക്കിന്ന് വിഷു. ആർഭാടങ്ങളൊന്നുമില്ലെങ്കിലും പ്രത്യാശയുടെ വെളിച്ചവും ഇത്തിരി കൊന്നപ്പൂവുമായി മലയാള നാട് വിഷുക്കണി കണ്ടുണർന്നു.

കോവിഡ്–19 രോഗഭീതിയും, ലോക്ഡൗണുമെല്ലാം വിഷുവിന്റെ പൊലിമ കുറച്ചപ്പോള്‍ നല്ലകാലം വീണ്ടും വരുമെന്ന പ്രതീക്ഷയോടെ നിറപറയും നിലവിളക്കും ഉണ്ണിക്കണ്ണനും ഓട്ടുരുളിയില്‍ ഉണക്കലരിയും ചക്കയും മാങ്ങയും തേങ്ങയും അങ്ങനെ ഉള്ളതെല്ലാം പെറുക്കിക്കൂട്ടി വീടുകളിലെല്ലാം ചെറിയ രീതിയിലുള്ള കണിയൊരുക്കിയിട്ടുണ്ട്.

ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളിലും വിഷുക്കണി തയ്യാറാക്കി. പുലര്‍ച്ചെ 2.30 ന് ആയിരുന്നു ഗുരുവായൂരപ്പനെ കണി കാണിച്ചത്. ഓട്ടു ഉരുളിയില്‍ ഉണങ്ങല്ലരി, കണിക്കൊന്ന, ഗ്രന്ധങ്ങള്‍, വാല്‍ കണ്ണാടി, സ്വര്‍ണം, പഴങ്ങള്‍ , പുഷ്പങ്ങള്‍ എന്നിവയായിരുന്നു കണി. ലോക്ക്ഡൗണ്‍ കാരണം ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഇത്തവണ കണി കാണാന്‍ അവസരമില്ല.

എന്നാൽ ഇത്തവണ വിഷു വിപണിയിൽ പ്രതീക്ഷയർപ്പിച്ച ഒരുകൂട്ടം കർഷകർക്കും ,കച്ചവടക്കാർക്കും ഈ വിഷുക്കാലം നിരാശയുടേതായിരുന്നു. വിഷുവിപണി മുന്നിൽ കണ്ട്​ കണിവെള്ളരി വിളയിച്ച കർഷകർക്കും, നേന്ത്രക്കുല കച്ചവടക്കാർക്കും പ്രതീക്ഷിച്ച ലാഭം കിട്ടിയില്ല. ഇവർ കിട്ടിയ വിലയ്ക്ക് സാധനങ്ങൾ വിറ്റഴിക്കുകയായിരുന്നു.

മേടം ഒന്നിനാണ് കേരളത്തിലെ വിളവെടുപ്പുത്സവമായ വിഷു ആഘോഷിക്കുന്നത്. ഐശ്വര്യവും സമ്പൽ സമൃദ്ധിയും നിറഞ്ഞ കാർഷിക സംസ്ക്കാരത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓരോ വിഷുക്കാലവും. ഇത്തവണ ആൾ തിരക്കും ആഘോഷങ്ങളുമൊന്നുമില്ലാതെ ജാഗ്രതയുള്ള ഒരുമനസ്സുമായിട്ടാണ് മലയാളി വിഷു പുലരിയിലേക്ക് കണ്ണ് തുറന്നത്. പ്രളയവും നിപയുമടക്കം ഒട്ടനവധി പ്രശ്നങ്ങളെ അതിജീവിച്ച മലയാളക്കര കോവിഡിനെയും അതിജീവിക്കും എന്ന പ്രതീക്ഷയുടെ കൈനീട്ടമാണ് ഇക്കുറി മലയാളികൾക്ക് നൽകാനുള്ളത്.