അഞ്ച് കഥകളുമായി വരുന്നു കപട സദാചാരത്തിന്റെ ‘വിശുദ്ധരാത്രികള്‍’

0

കൊച്ചി: അഞ്ചു രാത്രികളിലായി കേരളത്തിലും കൽക്കട്ടയിലും സംഭവിക്കുന്ന വ്യത്യസ്ത കഥകളെ അടിസ്ഥാനമാക്കി രൂപപ്പെട്ട അഞ്ച് കഥകളുമായി വിശുദ്ധരാത്രികള്‍ എന്ന സിനിമ റിലീസിന് ഒരുങ്ങുന്നു. ചുറ്റുമുള്ള ജീവിത സാഹചര്യങ്ങളിൽ നിന്നു കണ്ടെത്തിയ കഥകളാണ് സിനിമയിൽ ഉള്കൊള്ളിച്ചിട്ടുള്ളത്.

കപട സദാചാരം, ജാതീയത, ലിംഗവിവേചനം തുടങ്ങിയ വിഷയങ്ങളെ വിമര്‍ശനാത്മക ഹാസ്യത്തോടെ സമീപിച്ചാണ് അഞ്ചു കഥകളും. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അസി. പ്രഫസർ ഡോക്ടർ എസ്. സുനിൽ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു.കണ്ണപുരം ഗ്രാമ പഞ്ചായത്ത് നിർമിച്ച ‘കളിയൊരുക്കം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ 2007ൽ കുട്ടികൾക്കുള്ള ഏറ്റവും നല്ല ചലച്ചിത്രത്തിന് സുനിൽ പുരസ്കാരം നേടിയിരുന്നു. 2016ൽ രണ്ടാമത്തെ ചിത്രമായ ‘മറുഭാഗ’ത്തിനു പതിനെട്ടാമത് ജോൺ ഏബ്രഹാം സ്പെഷൽ ജൂറി അവാർഡും കരസ്ഥമാക്കി.നിലവിൽ കാലിക്കറ്റ് സർവകലാശാല ഫൈൻ ആർട്സ് വിഭാഗം ഡീനാണ്.

ഫിലിം നൊമാഡ്‌സ്, പോത്തുട്ടന്‍സ് പ്രൊഡക്ഷന്‍സ് ബാനറുകളില്‍ ആണ് നിര്‍മാണം.ട്രാൻസ്‌ജെൻഡേഴ്സിന്റെ ജീവിതാനുഭവം പറയുന്ന കഥയിൽ ആ വിഭാഗത്തിലെ അഞ്ചു പേർ അഭിനയിക്കുന്നത് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യാനുഭവമാകും. ശീതൾ ശ്യാം, ഹണി വിനു, സാന്ദ്ര ലാർവിൻ, ദീപ്തി കല്യാണി, മോനിഷ എന്നിവരാണു കഥാപാത്രങ്ങളായെത്തുന്നത്. ദേശീയ അവാർഡ് ജേതാവായ ക്യാമറമാൻ സണ്ണി ജോസഫ് നീണ്ട ഇടവേളയ്ക്കു ശേഷം ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടിതിന്.

മലയാള സിനിമ-നാടകമേഖലയിലെ കലാകാരന്മാർക്കു പുറമെ കൊൽക്കത്ത ജാത്ര നാടകസംഘത്തിലെ അഭിനേതാക്കൾ, നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിലെ പൂർവ വിദ്യാർഥികളായ പ്രിയങ്ക പഥക്, കണ്ണനുണ്ണി, മിനി.ഐ.ജി, നടനും സംവിധായകനും കോളമിസ്റ്റുമായ കെ.ബി. വേണു, കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമ അസോഷ്യേറ്റ് പ്രഫസർ ഡോക്ടർ ഷിബു എസ്.കൊട്ടാരം, സന്തോഷ് കീഴാറ്റൂർ, അലൻസിയർ, ശരത് സഭ, ശ്രീജയ നായർ തുടങ്ങിയവരും അഭിനേതാക്കളാണ്.

ഒട്ടേറെ ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ടി. കൃഷ്ണനുണ്ണിയാണ് ശബ്ദസംവിധായകൻ. ലൈവ് സൗണ്ട് റിക്കാർഡിങ്ങാണു ചിത്രത്തിൽ. വാഗമൺ, തൊടുപുഴഎന്നിവയ്ക്കു പുറമെ കൊൽക്കത്തയും പ്രധാന ലൊക്കേഷനായാണ് സിനിമ പൂർത്തിയാക്കിയിരിക്കുന്നത്. കവി അൻവർ അലി ഗാനരചന നിർവഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം സച്ചിൻ ബാലു. എഡിറ്റിങ് വിജി എബ്രഹാം. ചരിത്രാധ്യാപികയായ റീന.ടി.കെ., നാടകനടനായ സുധി പാനൂർ, ചലച്ചിത്ര സംവിധായകനായ എബ്രു സൈമൺ, നാടക ഗവേഷകനായ ജെബിൻ ജെസ്മസ് തുടങ്ങിയവരാണ് ഫിലിം നൊമാഡ്സിന്റെ അണിയറ പ്രവർത്തകർ. രാജേഷ് കാഞ്ഞിരക്കാടൻ, ലതീഷ് കൃഷണൻ, ജയ്സൺ മാത്യു എന്നിവരാണ് പോത്തുട്ടൻസ് പ്രൊഡക്‌ഷൻസിലെ നിർമാതാക്കൾ.