ബാക്കിയുണ്ടായിരുന്നത് 10 മിനിട്ടുകൂടി പറക്കാനുള്ള ഇന്ധനം; ഒഴിവായത് വൻ വിമാന ദുരന്തം

0

ന്യൂഡല്‍ഹി: 153 യാത്രക്കാരുമായി മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിസ്താര വിമാനം അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ധന കുറവുമൂലമുണ്ടാകുന്ന ഒരു വൻ ദുരന്തമാണ് തിങ്കളാഴ്ച ഒഴിവായത്.വിസ്താരയുടെ യു കെ 944 വിമാനമാണ് ഒരു വലിയ ദുരന്തത്തിൽ നിന്നും ഒഴിവായത്.

മുംബൈയില്‍നിന്ന് പുറപ്പെട്ട വിമാനം മോശം കാലവസ്ഥയെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇറക്കാനായില്ല. തുടര്‍ന്ന് ലഖ്‌നൗവിലേക്ക് തിരിച്ചു വിട്ടു. എന്നാല്‍ മോശം കാലാവസ്ഥ അനുകൂലമായെന്ന് പൈലറ്റുമാര്‍ക്ക് സന്ദേശം ലഭിച്ചു. തുടര്‍ന്ന് വിമാനം ലഖ്‌നൗവിലേക്ക് തിരിക്കുകയും ലാന്‍ഡ് ചെയ്യുകയും ചെയ്തു. വിമാനം ലഖ്‌നൗവില്‍ ലാന്‍ഡ് ചെയ്യുമ്പോള്‍ ഏകദേശം 10 മിനുട്ടു കൂടി പറക്കാനുണ്ടായിരുന്ന ഇന്ധനം മാത്രമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന്. കൃത്യസമയത്ത് ലാൻഡ് ചെയ്യാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് വിമാനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് വിസ്താര അധികൃതർ എൻ.ഡി.ടി.വിയോട് വെളിപ്പെടുത്തി.

സാധാരണയായി ലാന്‍ഡിങ്ങിനു ശേഷവും ഒരു മണിക്കൂർ കൂടി പറക്കാനാവശ്യമായ ഇന്ധനം വിമാനങ്ങളില്‍ ഉണ്ടാകാറുണ്ട്. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ പ്രശനം പരിഹരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഇന്ധനം നിലനിർത്തുന്നത്.വിസ്താരയുടെ യു കെ 944 വിമാനത്തിന്റെ ഇന്ധനം കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം പൈലറ്റുമാര്‍ എടിസിയെ അറിയിക്കുകയും എ.ടി.സി മുൻകരുതൽ എടുക്കുകയും ചെയ്തിരുന്നു.