സാനു മോഹൻ മൂകാംബികയിൽ തങ്ങിയതായി സൂചന

0

കാക്കനാട്: കളമശ്ശേരി മുട്ടാർ പുഴയിൽ വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പിതാവ് സനു മോഹൻ കൊല്ലൂർ മൂകാംബികയിൽ തങ്ങിയതായി സൂചന. കഴിഞ്ഞ രണ്ട് ദിവസം ഇവിടത്തെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്നതായാണ് സംശയം.

കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിൽ കഴിഞ്ഞിരുന്ന സനുമോഹൻ ജീവനക്കാർക്ക് സംശയമുണ്ടായതിനെ തുടർന്ന് ലോഡ്ജിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി.

ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖയുടെ പകർപ്പിലൂടെയാണ് സനുവാണെന്ന സൂചന ലഭിച്ചത്. ആധാർ കാർഡാണ് തിരിച്ചറിയൽ രേഖയായി നൽകിയത്. ഹോട്ടലിലെ ബില്ലടയ്ക്കാൻ ആവശ്യ പ്പെട്ടതിനെ തുടർന്ന് സനു മോഹനും ഹോട്ടൽ ജീവനക്കാർക്കും ഇടയിൽ തർക്കമുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ചില മലയാളികളാണ് ഇത് കേരള പോലീസ് അന്വേഷിക്കുന്ന സനു മോഹനാണോയെന്ന സംശയം പ്രകടിപ്പിച്ചത്. ഇക്കാര്യം കൊച്ചി സിറ്റി പോലീസിൽ വിളിച്ചറിയിച്ചു. ഇതിനിടെ സനു മോഹൻ കടന്നുകളഞ്ഞെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നു.

കൊച്ചിയിലെ പോലീസ് കർണാടക പോലീസിൽ ബന്ധപ്പെട്ട് ഇയാളെ കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ഹോട്ടലിൽനിന്ന് കടന്നുകളഞ്ഞത്. ഹോട്ടലിൽ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹൻ മാസ്ക് ധരിച്ചിരുന്നു. മൂകാംബികയിൽ നിന്നുള്ള വിവരത്തെ തുടർന്ന് അന്വേഷണ സംഘം വെള്ളിയാഴ്ച രാത്രി അങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം അയൽ സംസ്ഥാനങ്ങൾ കൂടാതെ രാജ്യവ്യാപകമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ സഹായം തേടിക്കൊണ്ട് ഇ മെയിൽ അയച്ചിരുന്നു. ഒപ്പം, മറ്റു സംസ്ഥാനങ്ങളിൽ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.