
ട്രെയ്‌ൻ യാത്രക്കാരെ ഏറെ ടെൻഷനടിപ്പിക്കുന്ന ഒന്നാണ് വെയ്റ്റിങ് ലിസ്റ്റ്. ടിക്കറ്റ് ബുക്ക് ചെയ്ത വെയ്റ്റിങ് ലിസ്റ്റിലാണെങ്കിൽ അത് കൺഫേം ആകുന്നതുവരെ ഒരു കാത്തിരിപ്പാണ്. ട്രെയ്‌ൻ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുൻപെ സീറ്റ് ഉറപ്പായോ എന്നറിയാൻ കഴിയൂ. എന്നാൽ, ഈ ടെൻഷനും കാത്തിരിപ്പിനും അവസാനമാവുകയാണ്. ട്രെയ്‌ൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് അന്തിമ പാസഞ്ചർ ചാർട്ട് പുറത്തിറക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ജൂൺ 6 മുതൽ രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിച്ചതായും ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ”എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടോ എന്നറിയുന്നതിനും അവ പരിഹരിക്കാമെന്നതിനുമായി കുറച്ച് ആഴ്ചകൾ കൂടി ഈ പൈലറ്റ് പരീക്ഷണം നടത്തും. വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റ് കൺഫേം ചെയ്തിട്ടില്ലെന്ന് സ്റ്റേഷനിൽ എത്തുന്നതിന് തൊട്ടുമുൻപായിരിക്കും അറിയുന്നത്. ഇത് മൂലം പലര്‍ക്കും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. നേരത്തെ ചാർട്ട് പുറത്തുവിടുന്നത് മൂലം യാത്രക്കാര്‍ക്ക് മികച്ച രീതിയിൽ യാത്ര ആസൂത്രണം ചെയ്യാനും അവരുടെ സമ്മർദം കുറയ്ക്കാനും സഹായിക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാർക്ക് അവരുടെ യാത്രകൾ കൂടുതൽ ഫലപ്രദമായി ആസൂത്രണം ചെയ്യാൻ സഹായിക്കുക എന്നതാണ് പുതിയ സംവിധാനത്തിന്‍റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉദാഹരണത്തിന്, 100 കിലോമീറ്ററോ അതിൽ കൂടുതലോ അകലെയുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് അവസാന നിമിഷത്തെ അനിശ്ചിതത്വമില്ലാതെ ബോർഡിങ് സ്റ്റേഷനിൽ എത്താൻ സാധിക്കും.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവരെ ഇത് ഒരു തരത്തിലും ബാധിക്കില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. “ട്രെയ്‌ൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുമ്പ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനാൽ, ഒരു ദിവസം മുമ്പ് മുഴുവൻ ചാർട്ട് പുറത്തുവിടുന്നത് ഒരു പ്രശ്നമാകില്ല,” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള നിരവധി യാത്രക്കാർ 24 മണിക്കൂറിനുള്ളിൽ ബുക്കിങ് റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ, സ്ഥിരീകരിച്ച റിസർവേഷനുകളുള്ള യാത്രക്കാരുടെ രണ്ടാമത്തെയും മൂന്നാമത്തെയും ചാര്‍ട്ട് റെയിൽവേ പുറത്തിറക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. മുൻപ്, റെയിൽവേ റിസർവേഷൻ ചാർട്ടുകൾ രണ്ടുതവണ തയ്യാറാക്കാറുണ്ടായിരുന്നു. ആദ്യ ചാർട്ട് ട്രെയ്‌ൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പും രണ്ടാമത്തെ അല്ലെങ്കിൽ അവസാന ചാർട്ട് ട്രെയ്‌ൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് ഓൺലൈനിലും കാണാനാകും.