ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം; അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ്‌ ചെയ്യേണ്ടി വരും

1

ഉപയോക്താക്കളുടെ സ്വകാര്യത സംബന്ധിച്ച് വാട്സാപ്പിന്റെ പുതിയ നയം ഫെബ്രുവരി എട്ടിനു നിലവിൽവരും. ഈ നയം അംഗീകരിക്കാത്തവർക്ക് അക്കൗണ്ട് ഡിലീറ്റ്‌ ചെയ്യേണ്ടി വരും. വാട്‌സാപ്പ് ആപ്ലിക്കേഷന്‍ പ്രൈവസി പോളിസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ പോവുകയാണെന്നും അത് അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ്‌ ചെയ്യേണ്ടി വരുമെമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ആപ്പ് നോട്ടിഫിക്കേഷന്‍ അയച്ചു തുടങ്ങിയിരിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പ് തുറക്കുമ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് ആപ്പ് നോട്ടിഫിക്കേഷന്‍ വിന്‍ഡോ കാണാം.

വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏതൊക്കെ ബിസിനസ് അക്കൗണ്ടുകളുമായി ആശയവിനിമയം നടത്തുന്നു, ഏതൊക്കെ വെബ്സൈറ്റുകൾ വാട്സാപ് വഴി ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങൾ വാട്സാപ്പിന്റെ ഉടമകളായ ഫെയ്സ്ബുക്കുമായും ഇൻസ്റ്റഗ്രാം പോലെയുള്ള ഗ്രൂപ്പ് കമ്പനികളുമായും മറ്റ് ഇന്റർനെറ്റ് കമ്പനികളുമായും പങ്കുവയ്ക്കുമെന്നാണ് പുതിയ നയത്തിൽ പറയുന്നത്. വാട്സാപ് ഉപയോഗിച്ച് പണമിടപാട് നടത്തുന്നതിന്റെ അനുബന്ധ വിവരങ്ങളും കൈമാറ്റം ചെയ്യപ്പെടും.

ഫെബ്രുവരി എട്ട് മുതലാണ് പുതിയ പ്രൈവസി പോളിസി വ്യവസ്ഥകള്‍ നിലവില്‍ വരിക. ഈ തീയ്യതി കഴിഞ്ഞാല്‍ വാട്‌സാപ്പ് സേവനം തുടര്‍ന്നും ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കണം. വിവരങ്ങൾ നേരത്തേയും വാട്സാപ് മറ്റു കമ്പനികളുമായി പങ്കു വയ്ക്കുമായിരുന്നെങ്കിലും ഇത്ര വിപുലമായിരുന്നില്ല. എന്തൊക്കെത്തരം വിവരങ്ങൾ പങ്കുവയ്ക്കാമെന്ന് വരിക്കാർക്കു തീരുമാനിക്കാനും അവസരമുണ്ടായിരുന്നു. എന്നാൽ പുതിയ നയത്തിൽ അങ്ങനെയൊരു സ്വാതന്ത്ര്യം ഉപയോക്താവിനില്ല. വിവരം പങ്കുവയ്ക്കാമെന്നു സമ്മതിച്ചില്ലെങ്കിൽ വാട്സാപ് ഉപയോഗിക്കാനാകില്ല. ഫോണിൽ ഇതു സംബന്ധിച്ച സന്ദേശം കാണുമ്പോൾ സമ്മതം (AGREE) അമർത്തിയാലേ ഫെബ്രുവരി 8 മുതൽ വാട്സാപ് ഉപയോഗിക്കാനാകൂ.

വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വാട്‌സാപ്പിന്റെ ഹെല്‍പ്പ് സെന്റര്‍ സന്ദര്‍ശിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും നോട്ടിഫിക്കേഷന്‍ നിര്‍ദേശിക്കുന്നു.