ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള വൈറസ്: ആന്റിബോഡികളേയും മറികടന്നേക്കും- സൗമ്യാ സ്വാമിനാഥൻ

0

ജനീവ: ഇന്ത്യയിൽ പടരുന്നത് തീവ്രവ്യാപനശേഷിയുള്ള കൊറോണ വൈറസ് വകഭേദമാണെന്നും വാക്സിൻ നൽകുന്ന സംരക്ഷണത്തെപ്പോലും അത് മറികടന്നേക്കാമെന്നും ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞയായ സൗമ്യാ സ്വാമിനാഥൻ പറഞ്ഞു. ജനിതകമാറ്റംവന്ന ഈ വൈറസിന്റെ വ്യാപനം വേഗത്തിലാക്കിയ പലഘടകങ്ങളുമുണ്ടെന്നും അവർ പറഞ്ഞു.

ഇപ്പോൾ ഇന്ത്യയിലെ രോഗികളിൽ കാണുന്ന ലക്ഷണങ്ങൾ, പെട്ടെന്നു വ്യാപിക്കുന്ന വൈറസ് വകഭേദത്തിന്റെ സൂചനയാണ് നൽകുന്നതെന്ന് സൗമ്യ, വാർത്താ ഏജൻസിയായ എഎഫ്‌പിക്കു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഒക്ടോബറിലാണ് ഇരട്ട ജനതികമാറ്റംവന്ന ബി.1.167 വകഭേദം ഇന്ത്യയിൽ കണ്ടെത്തിയത്. വളരെ അപകടകരമായ വൈറസ് വകഭേദത്തിന്റെ കൂട്ടത്തിലാണ് അമേരിക്കയും ബ്രിട്ടനുമുൾൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനെ പെടുത്തിയിരിക്കുന്നത്. വാക്സിനെടുത്തതുവഴിയോ ഒരിക്കൽ കോവിഡ് ബാധയുണ്ടായതുവഴിയോ ശരീരത്തിലുള്ള ആന്റിബോഡികളെ മറികടക്കാൻ ജനിതകമാറ്റം ഈ വകഭേദത്തെ സഹായിച്ചിട്ടുണ്ടാകുമെന്ന് സൗമ്യ പറഞ്ഞു.

കൊറോണ വൈറസിന്റെ ഇന്ത്യൻ ഇനം (ബി.1.617) തന്നെയാണ് ഇപ്പോഴത്തെ തരംഗത്തിനുള്ള പ്രധാന കാരണം. 17 രാജ്യങ്ങളിൽ ബി.1.617 കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞ മാസം അവസാനം അറിയിച്ചിരുന്നു. ബി.1.617ന്റെ തന്നെ 3 വകഭേദങ്ങൾ (ബി.1.617.1, ബി.1.617.2, ബി.1.617.3) ഇന്ത്യയിൽ കാണുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ രോഗികളിൽ 50% പേരിൽ ഇതു കണ്ടെത്തി. കഴിഞ്ഞ ഡിസംബർ 20നാണ് ബി.1.617 ഇന്ത്യയിൽ ആദ്യം കണ്ടെത്തിയത്.

ഇതുമാത്രമല്ല, അതിവേഗവ്യാപനത്തിനുകാരണം. കോവിഡിനെതിരായ പ്രതിരോധത്തിൽ ഇന്ത്യ അലംഭാവം കാണിച്ചു. ആളുകൾ അടുത്തിടപെടാൻ ഇടയാകുന്ന വലിയ കൂട്ടായ്മകൾ നടന്നു. കോവിഡ്കാലം കഴിഞ്ഞെന്നുകരുതി പലരം മാസ്കിടുന്നതും മറ്റ് സുരക്ഷാനടപടികൾ സ്വീകരിക്കുന്നതും കുറച്ചു. അപ്പോൾ വൈറസ് നിശ്ശബ്ദമായി പടരുകയായിരുന്നു. ഇന്ത്യപോലെ വലിയൊരു രാജ്യത്ത് വൈറസ് പടർച്ച താണനിലയിലാവും നടക്കുക. അതാണ് കുറെ മാസങ്ങളിൽ സംഭവിച്ചത്. സാവധാനം കൂടിവരുന്ന പകർച്ചവ്യാധിയാണിത്. കുത്തനെ കൂടുംവരെ ഈ പ്രാരംഭസൂചനകൾ ശ്രദ്ധിച്ചില്ല. ഈ സമയത്ത് അതിനെ നിയന്ത്രിക്കുക വളരെ കഠിനമാണ്. അപ്പോഴേക്കും വൈറസ് ആയിരക്കണക്കിനുപേരെ ബാധിക്കുകയും തടയാനാവാത്തനിലയിൽ പെരുകുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.

ഡബ്ല്യുഎച്ച്ഒയും ഉടൻ തന്നെ അവരുടെ പാത പിന്തുടർന്നേക്കുമെന്ന് സൗമ്യ സ്വാമിനാഥൻ പറയുന്നു. ‘ബി.1.617 യഥാർഥത്തിൽ ഉത്കണ്ഠ ഉളവാക്കുന്ന വകഭേദം തന്നെയാണ്. കാരണം, ഇതിന്റെ ചില പരിവർത്തനങ്ങൾ വ്യാപനശേഷം വളരെയധികം വർധിപ്പിക്കുന്നതാണ്. മാത്രമല്ല, പ്രതിരോധ കുത്തിവയ്പ്പിലൂടെയോ അല്ലെങ്കിൽ സ്വാഭാവിക അണുബാധയിലൂടെയോ ഉണ്ടാകുന്ന ആന്റിബോഡികളെ പ്രതിരോധിക്കാൻ ഇതിനു സാധിച്ചേക്കും.’– സൗമ്യ സ്വാമിനാഥൻ പറഞ്ഞു.

വാക്സിനേഷൻകൊണ്ടുമാത്രം ഇപ്പോഴത്തെ സ്ഥിതിയെ നിയന്ത്രിക്കാനാവില്ലെന്ന് സൗമ്യ പറഞ്ഞു. 130 കോടിയിലേറെ ജനങ്ങളുള്ള രാജ്യത്ത് രണ്ടുശതമാനം പേർക്കുമാത്രമേ വാക്സിൻ നൽകിയിട്ടുള്ളൂ. രാജ്യത്തെ 70-80 ശതമാനംപേരെയും വാക്സിനേറ്റ് ചെയ്യാൻ മാസങ്ങളോ വർഷങ്ങളോ എടുക്കും. അത്‌ മനസ്സിൽവെച്ചുകൊണ്ട് മാസ്ക് ധരിക്കലും ആളകലം പാലിക്കലുമുൾപ്പെടെ പരീക്ഷിച്ചുവിജയിച്ച നടപടിക്രമങ്ങളെ ആശ്രയിച്ച് രോഗവ്യാപനം കുറയ്ക്കുകയാണുവേണ്ടത്.