ഇ ബുള്‍ ജെറ്റ് വാഹനം പിടിച്ചെടുത്തതിന്‍റെ കാരണങ്ങള്‍

0

ഇന്നലെമുതൽ നവമാധ്യമങ്ങളാകെയുള്ള ചർച്ചാവിഷയമാണ് ഇ ബുള്‍ ജെറ്റ് വ്‌ളോഗെർമാരുടെ അറസ്റ്റ്. യൂട്യൂബ് വ്‌ളോഗർമാരായ ഇ -ബുൾ ജെറ്റ് സഹോദരങ്ങളായ അബിന്റെയും ലിബിന്റെയും അറസ്റ്റിനെത്തുടർന്ന് ഇന്നലെ രാവിലെ മുതൽ മോട്ടർ വാഹന വകുപ്പിന്റെ ഓഫീസ് പരിസരത്ത് കുട്ടികൾ ഉൾപ്പെടെ നിരവധിപേരാണ് തടിച്ചുകൂടിയത്.

നിയമങ്ങള്‍ അനുസരിക്കാതെ വാഹനത്തിന് രൂപമാറ്റം വരുത്തിയതും നികുതി അടയ്ക്കുന്നതിലെ വീഴ്ചയുമാണ് വാഹനം കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും യുട്യൂബ് വ്ലോഗര്‍മാര്‍ അടയ്ക്കണമെന്നാണ് ആര്‍ ടി ഒ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചു, തുടങ്ങിയ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വാന്‍ ലൈഫ് എന്ന യുട്യൂബ് ചാനലിലൂടെ പ്രസിദ്ധരായ സഹോദരങ്ങളായ എബിനെയും ലിബിനെയും എത്തിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തതിനെ തുടർന്നുള്ള നടപടികൾക്കായി ഇവരോട് ഇന്നലെ രാവിലെ ഓഫീസിൽ ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ഓഫീസിലെത്തിയ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പൊട്ടിക്കരഞ്ഞും മറ്റും വൈകാരിക ലൈവ് വീഡിയോ ചെയ്തതതോടെ ഇവരുടെ ആരാധകരായ നിരവധിപ്പേര്‍ ഓഫീസിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വ്ലോഗർമാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കമുണ്ടാവുകയും കണ്ണൂർ ടൗൺ പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വാൻ ലൈഫ് ചിത്രീകരിക്കുന്ന യുട്യൂബ് ചാനലായ ഇ–ബുൾ ജെറ്റിന്റെ വാനായ ‘നെപ്പോളിയൻ’ ഒൻപതു നിയമലംഘനങ്ങൾ നടത്തിയെന്നാണ് മോട്ടർ വാഹന വകുപ്പ് നൽകിയ ചെക്ക് റിപ്പോർട്ടിൽ പറയുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മോട്ടർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം 42,000 രൂപ പിഴയിട്ടിരുന്നു. തുടർന്ന് ട്രാൻസ്പോർട് കമ്മിഷണറുടെ നിർദേശപ്രകാരമാണ് വാഹനം കസ്റ്റഡിയിലെടുത്തതെന്നും വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എബിൻ വർഗീസിന്റെ പേരിലാണ് വാൻ. ടാക്സ് പൂർണമായി അടച്ചില്ല, വാഹനത്തിന്റെ നിറം മാറ്റി, അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ചു, ഗ്ലാസുകളിലും വാഹനത്തിലും സ്റ്റിക്കർ ഒട്ടിച്ചു, അപകടകരമായ രീതിയിൽ വാനിനു പിന്നിൽ സൈക്കിളുകൾ ഘടിപ്പിച്ചു തുടങ്ങിയ നിയമലംഘനങ്ങളാണ് ചൂണ്ടിക്കാട്ടിയത്.

വ്ലോഗർമാരെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് ജില്ലയ്ക്ക് പുറത്തുനിന്ന് ഉൾപ്പെടെ ഒട്ടേറെ ആരാധകർ ടൗൺ പൊലീസ് സ്റ്റേഷൻ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഇവരെ പിരിച്ചുവിടാൻ പൊലീസിനു പലവട്ടം ഇടപെടേണ്ടി വന്നു. തുടർന്ന് ഇന്നലെ ഉച്ചയ്ക്കു ശേഷം ഇരുവരെയും മെഡിക്കൽ പരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പൊലീസ് ബസിൽ കയറ്റിയപ്പോൾ ഇരുവരും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. പരിശോധനയ്ക്കു ശേഷം ഇവരെ കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ആർടി ഓഫിസ് കോംപൗണ്ടിൽ സൂക്ഷിച്ച ‘നെപ്പോളിയൻ’ വാൻ വൈകിട്ടോടെ എആർ ക്യാംപ് പരിസരത്തേക്കു മാറ്റി. നിയമലംഘനങ്ങൾക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേർന്നതിനും ആരാധകരായ 17 പേരെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.