കെ. റയിൽ പുനരാലോചന ആവശ്യപ്പെടുന്നുവോ?

0

കെ റെയിലിനെതിരെ ഏതെങ്കിലും തരത്തിലുള്ള വിയോജനം രേഖപ്പെടുത്തുമ്പോൾ അഭിനവ വികസനവാദികൾ അഭിപ്രായം രേഖപ്പെടുത്തുന്നവരെ വികസന വിരോധികളെന്നും മൂരാച്ചികളെന്നും മുദ്ര കുത്തി പിന്തിരിപ്പൻമാരാക്കുന്ന വർത്തമാന വികസന കാലഘട്ടം. എന്നാലും പച്ചയായ യാഥാർത്ഥ്യങ്ങൾ പ്രകടമായിത്തന്നെ ഒളിച്ചു വെക്കാൻ കഴിയില്ല എന്ന വസ്തുതയുടെ വെളിച്ചത്തിൽ ചിലതെല്ലാം പറയാനുണ്ട്. അനുദിനം കുതിച്ചു പായുന്ന വർത്തമാന വികസന കാലഘട്ടത്തിൽ കെ.റയിൽ മറ്റൊരു ബദലുമില്ലെങ്കിൽ
അത്യന്താപേക്ഷിതമാണ്.

എന്നാൽ കേരളത്തിൻ്റെ ഭൂമി ശാസ്ത്രപരമായ അവസ്ഥയും പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതവും കുടിയിറക്കപ്പെടുന്നവരുടെ കഷ്ടനഷ്ടങ്ങളും ഈ പദ്ധതി നടപ്പിലാക്കുന്നതിന് എതിരെയുള്ള യോഗ്യമായ വാദമുഖം തന്നെയാണ് ‘ ഈ പദ്ധതി നടപ്പിലാകുമ്പോൾ ഗുണം അനുഭവിക്കാൻ പോകുന്നത് മുഴുവൻ കേരളീയരുമാണ്. എന്നാൽ ഇരകളായിത്തീരുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്. വ്യക്തമായി പറഞ്ഞാൽ കുടിയിറക്കപ്പെട്ട് കിടപ്പാടം നഷ്ടപ്പെടുന്നവർ മാത്രം’ അവർക്കെതിരെ ഭൂരിപക്ഷം വരുന്നവർക്ക് വികസന വിരോധികൾ എന്ന് ആക്രോശിക്കാൻ മടി കാണിക്കേണ്ടതില്ല.

വികസനത്തിൻ്റെ വക്താക്കളായി പുരോഗമനവാദികളായി ഭരണാധികാരികളുടെ ഇഷ്ടതോഴന്മാരായി വികസനത്താളുകളിൽ ഇടം പിടിക്കുകയും ചെയ്യാം… എന്നാൽ കേരളത്തിൻ്റെ ചരിത്രം നമ്മോട് പറഞ്ഞിട്ടുള്ളതും നമ്മെ പഠിപ്പിച്ചതും വേറെ ചില കാര്യങ്ങളാണ്. ഇരകളോടൊപ്പം നിൽക്കുന്നവരും കഷ്ടപ്പാടും ദുരിതവും അനുഭവിച്ചവർക്ക് ഒപ്പം നിന്നവരെയുമാണ് നാം ചരിത്രത്തിൽ പുരോഗമന വാദികളെന്ന് അടയാളപ്പെടുത്തിയിട്ടുള്ളത്. കുടിയിറക്കപ്പെടുന്നവൻ്റെ കണ്ണീര് കാണാതെ പോകുന്നത് ഒരു വികസനത്തിനും പുരോഗമനത്തിനും ന്യായീകരണമാകില്ല എന്നത് തന്നെയാണ് ചരിത്ര യാഥാർത്ഥ്യം.

ഇരകളുടെ കണ്ണീർ പുഴയൊഴുക്കി ഒരു ഊഴം കൂടി ഭരണത്തിലെത്തുന്നതിനേക്കാൾ മനോഹരം കിടപ്പാടം നഷ്ടപ്പെടുന്നവൻ്റെ കണ്ണീരൊപ്പി ഭരണത്തിന് പുറത്ത് നിൽക്കുന്നത് തന്നെയാണ്. അധികാരത്തിൻ്റെ ശീതളഛായയും ലഹരിയും പ്രശ്നമാക്കുന്നില്ലെങ്കിൽ ഒരു പുനരാലോചന നല്ലത് തന്നെയാണ്.ഈ ഹരിത കേരളം യാത്രക്കാരുടേത് മാത്രമല്ല. സാധാരണ മനുഷ്യർക്ക് ജീവിക്കാനുള്ളത് കൂടിയാണ്.