ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് ഇനി ‘വിധവാ പെൻഷൻ’ ലഭിക്കില്ല

0

തിരുവനന്തപുരം: ഭർത്താവ് ഉപേക്ഷിച്ച സ്ത്രീകൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷന്റെ ഭാഗമായുള്ള വിധവാ പെൻഷൻ ഇനി ലഭിക്കില്ല. ഭർത്താവ് മരിക്കുകയോ ഏഴു വർഷമായി ഭർത്താവിനെ കാണാതാവുകയോ ചെയ്തെങ്കിൽ മാത്രം വിധവാ പെൻഷൻ നൽകിയാൽ മതിയെന്നു വ്യക്തമാക്കി ധനകാര്യ വകുപ്പ് ഉത്തരവിറക്കി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെൻഷൻ അർഹത വെട്ടിച്ചുരുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

വിധവയല്ലാതെ, ഭർത്താവിൽ നിന്ന് അകന്നു കഴിയുന്നവർക്കോ വിവാഹ ബന്ധം വേർപെടുത്തിയവർക്കോ പെൻഷൻ നൽകരുതെന്ന് കർശന നിർദ്ദേശമുണ്ട്. ഏഴു വർഷമായി ഭർത്താവിനെ കാണാനില്ലാത്തവരുടെ കാര്യത്തിൽ റവന്യൂ അധികൃതർ നൽകുന്ന വിധവാ സർട്ടിഫിക്കറ്രിന്റെ അടിസ്ഥാനത്തിൽ മാത്രമേ പെൻഷൻ അനുവദിക്കാവൂ.

പുതിയ പെൻഷൻ അപേക്ഷകൾക്കു മാത്രമല്ല, നിലവിൽ പെൻഷൻ വാങ്ങുന്നവർക്കും ഇത് ബാധകണ്. അതായത്, നിലവിൽ പെൻഷൻ കിട്ടുന്ന ഭർത്താവുപേക്ഷിച്ച സ്ത്രീകൾക്ക് ഇനി വിധവാ പെൻഷന് അർഹതയുണ്ടാവില്ല.

വിധവാ പെൻഷൻ വാങ്ങുന്നവരുടെ കാര്യത്തിൽ ഭർത്താവിന്റ മരണ സർട്ടിഫിക്കറ്ര് നമ്പർ, തീയതി, സർട്ടിഫിക്കറ്ര് നൽകിയ തദ്ദേശസ്ഥാപനത്തിന്റെ വിവരങ്ങൾ എന്നിവ സേവന സോഫ്‌ട് വെയറിൽ രേഖപ്പെടുത്തണം.

നിർദ്ദേശം അവഗണിച്ച്,​ നിബന്ധനകൾക്കു പുറത്തുള്ള ആർക്കെങ്കിലും പെൻഷൻ അനുവദിച്ചാൽ സർക്കാരിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് തദ്ദേശസ്ഥാപനങ്ങൾ ഉത്തരവാദികളായിരിക്കുമെന്ന മുന്നറിയിപ്പും ധനവകുപ്പ് നൽകിയിട്ടുണ്ട്. ഭർത്താവിൽ നിന്ന് അകലുകയും സ്വന്തം കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്തവർക്ക് 1500 രൂപയാണ് ലഭിക്കുന്നത്.