തിരുവനന്തപുരത്ത് യുവതി തീകൊളുത്തി മരിച്ച സംഭവം; ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തു

0

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ കസ്റ്റഡിയിലെടുത്തു. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന(24)യെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയോടെയാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

സുരേഷിന്റെ വീട്ടുകാര്‍ തങ്ങളോട് സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ സുരേഷും അര്‍ച്ചനയും അര്‍ച്ചനയുടെ വീട്ടില്‍വന്ന് മടങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് സംഭവം നടന്നിരിക്കുന്നത്. സംഭവമറിഞ്ഞ് പൊലീസെത്തിയപ്പോൾ ഭർത്താവ് സുരേഷ് ഓടി രക്ഷപ്പെട്ടു. 

ഇയാളെ പിന്നീട് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. തീകൊളുത്തിയ അര്‍ച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും സുരേഷിന്റെ അറിവോടെയാണ് ഇത് സംഭവിച്ചിരിക്കുന്നതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു.