ഒറ്റ പ്രസവത്തില്‍ 9 കുഞ്ഞുങ്ങൾ; 5 പെൺകുട്ടികളും 4 ആൺകുട്ടികളും

1

മൊറൊക്കോ: കാസാബ്ലാങ്കയിൽ ഒറ്റ പ്രസവത്തിൽ 9 കുഞ്ഞുമണികൾ. മാലി സ്വദേശി 25 വയസ്സുള്ള ഹലീമ സിസെയാണ് മൊറോക്കോയിലെ ആശുപത്രിയിൽ 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. 5 പെൺകുട്ടികളും 4 ആൺകുട്ടികളും. അമേരിക്കയിലെ നാദിയ ഹുസൈൻ 2009 ൽ 8 കുട്ടികൾക്ക് ജന്മം നൽകിയതാണ് പ്രസവത്തിലെ നിലവിലുള്ള റെക്കോർഡ്.

കുഞ്ഞുങ്ങളും അമ്മയും സുഖമായിരിക്കുന്നുവെന്നും കുട്ടികളെ ഐൻ ബോർജ ആശുപത്രിയിലെ നവജാതശിശു പരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗർഭ വേളയിൽ തന്നെ 7 കുട്ടികളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയെങ്കിലും 2 പേർ കൂടി വിസ്മയകരമായി പുതിയ ലോകത്തേക്ക് വന്നു. ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്.

മാലിയിൽ വേണ്ടത്ര സൗകര്യമില്ലാത്തതിനാൽ ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടാണ് അമ്മയെ അയൽരാജ്യമായ മൊറോക്കോയിലെ ആശുപത്രിയിലേക്കു മാറ്റിയത്. അമ്മയ്ക്കും കുഞ്ഞുങ്ങൾക്കുമായി വലിയ മുറി തയാറാക്കി കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങളുമായി അലങ്കരിച്ച് വിപുലമായ തയാറെടുപ്പുകളാണ് ആശുപത്രി അധികൃതർ നടത്തിയിരുന്നത്.

കുഞ്ഞുങ്ങൾക്ക് 500 ഗ്രാം മുതൽ 1 കിലോ വരെ തൂക്കമുണ്ട്. നിശ്ചിത കാലയളവിലും 30 ദിവസം മുൻപാണ് പ്രസവം. രക്തസ്രാവമുണ്ടായതിനെത്തുടർന്ന് അമ്മയുടെ ശരീരത്തിൽ രക്തം കയറ്റുന്നുണ്ട്. കൃത്രിമ ഗർഭധാരണത്തിലൂടെയല്ലാതെ ഇത്തരം ജനനം അപൂർവമാണെന്ന് ഗൈനക്കോളജി രംഗത്തെ വിദഗ്ധർ പറയുന്നു.