വിമാനത്തിൽ വിചിത്രസംഭവം, ഷുഗർ ഗ്ലൈഡറുമായി യുവതി കയറി, കടത്തിയത് ബാ​ഗിലൊളിപ്പിച്ച്, വിമാനം 1 മണിക്കൂർ വൈകി

0

ഷുഗർ ഗ്ലൈഡറുമായി വിമാനത്തിൽ കയറിയ യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി. ചൈനയിലെ ഷാങ്ഹായിൽ നിന്നുള്ള യുവതിയെയാണ് തന്റെ പ്രിയപ്പെട്ട ഷുഗർ ഗ്ലൈഡർ വിമാനത്തിനുള്ളിൽ വച്ച് ചതിച്ചത്. അധികൃതർ കാണാതെ ബാഗിനുള്ളിൽ ഒളിപ്പിച്ചാണ് യുവതി ഷുഗർ ഗ്ലൈഡറുമായി വിമാനത്തിനുള്ളിൽ കയറിയത്.

എന്നാൽ, വിമാനത്തിൽ കയറിയതും ഗൈഡർ ബാഗിനുള്ളിൽ നിന്നും പുറത്തുചാടി. അതോടെ മറ്റു യാത്രക്കാർ പരിഭ്രാന്തിയിലായി. തുടർന്ന് വിമാനത്തിനുള്ളിലെ യാത്രക്കാരെ മുഴുവൻ ഇറക്കി സീറ്റിനടിയിൽ ഒളിച്ചിരുന്ന ഷുഗർ ഗ്ലൈഡറിനെ പിടികൂടിയശേഷമാണ് വിമാനം യാത്ര ആരംഭിച്ചത്. ഒരു മണിക്കൂർ നേരത്തെ പണിയാണ് എയർലൈൻ അധികൃതർക്ക് ഈ ഇത്തിരി കുഞ്ഞൻ ഷുഗർ ഗ്ലൈഡർ നൽകിയത്.

പൊലീസ് റിപ്പോർട്ട് പ്രകാരം 34 -കാരിയായ ഗുവോ എന്ന യുവതിയാണ് സുരക്ഷാനിയമങ്ങൾ ലംഘിച്ചുകൊണ്ട് ഷുഗർ ഗ്ലൈഡറുമായി വിമാനത്തിനുള്ളിൽ കയറിയത്. ഷാങ്ഹായിൽ നിന്ന് കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ജിനാനിലേക്കുള്ള ചൈന ഈസ്റ്റേൺ എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപായാണ് യുവതിയുടെ ബാഗിൽ നിന്നും ഷുഗർ ഗ്ലൈഡർ പുറത്തു ചാടിയത്. തുടർന്ന് വിമാനത്തിനുള്ളിലെ സീറ്റിനിടയിൽ ഒളിച്ച കക്ഷിയെ കണ്ടുപിടിക്കാനായി യാത്രക്കാരെ മുഴുവൻ വീണ്ടും വിമാനത്തിൽ നിന്നും പുറത്തിറക്കുകയായിരുന്നു. പിന്നീട് ഇതിനെ പിടികൂടിയതിനുശേഷമാണ് യാത്ര ആരംഭിച്ചത്. ഇതേ തുടർന്ന് ഒരു മണിക്കൂറോളം വിമാനം വൈകി.

ഗുവോയെ ഇപ്പോൾ അഡ്മിനിസ്ട്രേറ്റീവ് തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ്, ശിക്ഷ 15 ദിവസം വരെ നീണ്ടുനിൽക്കും. ജീവനുള്ള മൃഗങ്ങളെ പാസഞ്ചർ ക്യാബിനുകൾക്കുള്ളിൽ യാത്രക്കാരോടൊപ്പം കൊണ്ടുപോകുന്നത് ചൈനയിലെ സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കിയിട്ടുണ്ട്.