സ്ത്രീധനം നൽകാത്തതിന് യുവതിയെ പട്ടിണിക്കിട്ട് കൊന്നു; കുടിക്കാൻ പഞ്ചസാര വെള്ളവും, കഴിക്കാൻ കുതിർത്ത അരിയും; ഭർത്താവും അമ്മായി അമ്മയും അറസ്റ്റിൽ

0

ഓയൂർ: സ്ത്രീധനത്തുക നൽകാത്തതിന് യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവിനെയും അമ്മായിഅമ്മയെയും പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നതാണെന്ന് പോലീസ് റിപ്പോർട്ട്. ഓയൂർ ചെങ്കുളം, പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), ചന്തുലാലിന്റെ മാതാവ് ഗീതാലാൽ (55) എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരൻ വിജയലക്ഷ്മി ദമ്പതികളുടെ മകളും ചന്തുലാലിന്റെ ഭാര്യയുമായ തുഷാര(27) കഴിഞ്ഞ 21നാണ് മരിച്ചത്.

21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ തുഷാരയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ചന്തുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.

ബന്ധുക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി. ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും തുഷാരയ്ക്ക് പലപ്പോഴും പഞ്ചസാര വെള്ളം കൊടുക്കുകയും അരി കുതിർത്തു നൽകുകയും ചെയ്തു. ഭക്ഷണം ഇല്ലാത്തതും മാനസികവും ശാരീരികവുമായ പീഡനവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പൊലീസ് അറിയിച്ചു.

2013ലായിരുന്നു വിവാഹം. മൂന്ന് മാസം കഴിപ്പോൾ രണ്ടുലക്ഷം രൂപ സ്ത്രീധനം ചന്തുലാൽ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാർ നൽകിയില്ല. തുടർന്ന് ചന്തുലാലും മാതാവും തുഷാരയെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചു. സ്വന്തം വീട്ടിലേക്ക് പോകാനോ ബന്ധുക്കളുമായി ഫോണിലോ മറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. കല്യാണം കഴിഞ്ഞിട്ട് മൂന്ന് പ്രാവശ്യം മാത്രമാണ് തുഷാരയുടെ വീട്ടിൽ പോയത്. ഇതിനിടയിൽ രണ്ട് കുട്ടികൾ ജനിച്ചെങ്കിലും തുഷാരയുടെ ബന്ധുക്കളെ കാണിച്ചിരുന്നില്ല. രണ്ടാമത്തെ കുട്ടിയുടെ പ്രസവത്തിന് ആശുപത്രിയിൽ പോയെങ്കിലും കുട്ടിയെ കാണിക്കാത്തതിനാൽ ബന്ധുക്കൾ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

ഇതിനെത്തുടർന്ന് കുട്ടിയെ കാണിച്ചു. ഇനി ആരും തന്നെ കാണാൻ വരണ്ടെന്നും തനിക്ക് ഒരു കുഴപ്പവും ഇല്ലെന്നും തുഷാര അറിയിച്ചതിനാൽ പിന്നീട് ബന്ധുക്കൾ ആരും തുഷാരയുടെ ഭർതൃവീട്ടിൽ പോയില്ല. ഈ സമയത്താണ് തുഷാരയോടുള്ള ക്രൂരതകൾ തുടർന്നത്. മന്ത്രവാദവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും മറ്റും അന്വേഷിക്കാൻ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.

21ന് രാത്രി 12 മണിയോടെ യുവതിയെ ഭർത്താവും വീട്ടുകാരും കൊല്ലം ജില്ലാ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആഹാരം ലഭിക്കാതെ മെലിഞ്ഞുണങ്ങി നിമോണിയ ബാധിച്ചാണ് മരണമെന്നു കണ്ടെത്തി. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. ഇതിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കിട്ടിയതിനെ തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

തകരഷീറ്റ് വച്ച് നാലുപാടും ഉയരത്തിൽ മറച്ച പുരയിടത്തിലാണ് ചന്തുലാലിന്റെ വീട്. അമ്മ ഗീതലാൽ വീടിന് മുന്നിൽ ക്ഷേത്രം കെട്ടി മന്ത്രവാദവും ആഭിചാരക്രിയകളും നടത്തിയിരുന്നു. ഇതിനായി പലരും എത്തിയിരുന്നു. ഇവർക്ക് പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലായിരുന്നു. പലപ്പോഴും വീട്ടിൽനിന്നു ബഹളവും നിലവിളിയും കേട്ടിരുന്നതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.