ശ്വാസ നാളത്തിൽ വിസിലുമായി കണ്ണൂര്‍ സ്വദേശിനി ജീവിച്ചത് 25 വർഷം; ഒടുവില്‍ ശസ്ത്രക്രിയ

0

കണ്ണൂർ സ്വദേശിനിയായ സ്ത്രീ ശ്വാസ നാളത്തിൽ വിസിലുമായ ജീവിച്ചത് 25 വർഷം. ഒടുവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയെ തുടർന്ന് വിസിൽ വിജയകരമായി പുറത്തെടുത്തു.

25 വർഷങ്ങൾക്ക് മുമ്പ് തന്റെ പതിനഞ്ചാം വയസിൽ കളിക്കുന്നതിനിടെയാണ് കണ്ണൂർ സ്വദേശിനിയായ സ്ത്രീ അറിയാതെ വിസിൽ വിഴുങ്ങിയത്. തന്റെ ശ്വാസനാളത്തിൽ വിസിൽ കുടുങ്ങിയ വിവരം യുവതിക്ക് അന്ന് അറിയില്ലായിരുന്നു.

എന്നാല്‍, വിസില്‍ ശരീരത്തിനകത്തെത്തിയതിന്റെ അസ്വസ്ഥതകള്‍ വരും ദിവസകളില്‍ അനുഭവപ്പെട്ടിരുന്നു. വിട്ടുമാറാത്ത ചുമയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. എന്നാല്‍, ഇത് ആസ്മാ രോഗമായാണ് തെറ്റിദ്ധരിച്ചിരുന്നത്.

വർഷങ്ങളായുള്ള വിട്ടുമാറാത്ത ചുമയുമായി തളിപ്പറമ്പിലെ പൾമണോളജിസ്റ്റ് ഡോ: ജാഫറിന്റെ ക്ലിനിക്കിൽ ചികിത്സ തേടിയ യുവതിയെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ സിടി സ്‌കാനിലാണ് ശ്വാസനാളിയിൽ അന്യവസ്തു കുടുങ്ങിക്കിടപ്പുണ്ടെന്ന സംശയത്തിലേക്ക് എത്തിച്ചത്. ഉടൻ തന്നെ പൾമണോളജിസ്റ്റ് ഡോ: രാജീവ് റാമിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ ഡോക്ടർമാരും നഴ്‌സുമാരുമടങ്ങിയ സംഘം ശ്വാസനാളത്തിൽ ട്യൂബ് കടത്തിയുള്ള ബ്രോങ്കോസ്‌കോപ്പിക്ക് സ്ത്രീയെ വിധേയയാക്കി.

ഏവരേയും വിസ്മയിപ്പിച്ചു കൊണ്ട് ബ്രോങ്കോസ്‌കോപ്പി വഴി പുറത്തെത്തിയത് ചെറിയ ഒരു വിസിലായിരുന്നു. രോഗിയോട് വീണ്ടും തിരക്കിയപ്പോഴാണ് പതിനഞ്ചാം വയസിലെ സംഭവം അവർ ഓർത്തെടുത്തത്. വിസിൽ തന്റെ ശ്വാസനാളത്തിൽ ഇത്രയും വർഷങ്ങളായി കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ഒരു ഞെട്ടലോടെയാണ് മട്ടന്നൂർ സ്വദേശിനിയായ ഈ നാൽപതുകാരി തിരിച്ചറിഞ്ഞത്.