കാറില്‍ ഉപേക്ഷിക്കപ്പെട്ട വീട്ടമ്മയെതേടി മകനെത്തി; അറിഞ്ഞത് മാധ്യമങ്ങളിൽനിന്നും

0

അടിമാലി:പൂട്ടിയിട്ട കാറില്‍ അവശനിലയില്‍ കണ്ടെത്തിയ സ്ത്രീയെ തേടി മകന്‍ എത്തി.കാറില്‍ അവശനിലയില്‍ കണ്ടെത്തിയ മാനന്തവാടി കാമ്പാട്ടി വെണ്‍മണി വലിയവേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാമണി(63)യെ തേടി അടിമാലി പൊലീസ് സ്റ്റേഷനിലാണ് മകൻ മഞ്ജിത്ത് എത്തിയത്.

മാധ്യമവാര്‍ത്തകള്‍ കണ്ടാണ് മഞ്ജിത്ത് ശനിയാഴ്ച രാവിലെയോടെ അടിമാലി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കട്ടപ്പനയിലാണ് ഇയാള്‍ താമസിക്കുന്നത്. ലൈലാമണിയുടെ തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ മാധ്യമങ്ങളില്‍നിന്ന് വിവരം അറിഞ്ഞതിനെ തുടര്‍ന്ന് തന്നെ അറിയിക്കുകയായിരുന്നു എന്നാണ് ഇയാള്‍ പറയുന്നത്.

വ്യാഴാഴ്ച രാവിലെ 11 ന് അടിമാലി–കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്റ്റേഷനു സമീപം അവശനിലയിൽ കാറിൽ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി തന്നെ കാറിൽ ഉപേക്ഷിച്ച് ഭർത്താവ് കടന്നതാണെന്ന് ലൈലാ മണി പറഞ്ഞു. ഒന്നര ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെയാണ് ലൈലാ മണി കാറിനുള്ളിൽ കഴിച്ചുകൂട്ടിയത്. അവശയായ വീട്ടമ്മയെ പൊലീസിന്റെ സഹായത്തോടെ ഓട്ടോറിക്ഷ ഡ്രൈവർ ദീപുവാണ് ആശുപത്രിയിൽ എത്തിച്ചത്.

ലൈലാമണിയുടെ രണ്ടാം ഭര്‍ത്താവാണ് മാത്യു എന്നും ഇയാള്‍ ഇതിനുമുമ്പും ഇവരെ ഉപേക്ഷിച്ച് പോയിട്ടുണ്ടെന്നും മകന്‍ പോലീസിനോട് പറഞ്ഞു. തിരുവനന്തപുരത്തുവെച്ചായിരുന്നു ഇത്. അന്ന് തിരുവനന്തപുരത്തുള്ള മകളാണ് അമ്മയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഏറെക്കാലം സംരക്ഷിച്ചിരുന്നത്. പിന്നീട് ക്ഷമാപണവുമായെത്തിയ മാത്യു വീണ്ടും ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. വയനാട്ടില്‍ സ്ഥലം വാങ്ങി അവിടെ താമസം ആരംഭിച്ചു.

വയനാട്ടില്‍ ഉണ്ടായിരുന്ന സ്ഥലം ഒന്നര വര്‍ഷം മുന്‍പ് വില്‍ക്കുകയും പിന്നീട് വയനാട്ടില്‍ പലയിടങ്ങളിലായി വാടകയ്ക്ക് താമസിക്കുകയുമായിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഒടുവില്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മകന്റെ അടുത്തേയ്ക്ക് എന്നു പറഞ്ഞ് മൂന്നുദിവസം മുന്‍പ് ഇവര്‍ കാറില്‍ യാത്ര തിരിച്ചിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. അടുത്തയിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.

രോഗത്തെ തുടർന്ന് ലൈലാ മണിയുടെ ശരീരം തളർന്നിരുന്നു. പരസഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ കഴിയില്ല. സംസാരശേഷിയും കുറവാണെന്ന് ഇവർ‍ പൊലീസിനു മൊഴി നൽകി. മാനന്തവാടിക്കു സമീപം 6 സെന്റ് സ്ഥലവും വീടും ഉണ്ടെന്നും രണ്ടു മക്കളാണ് തനിക്കുള്ളതെന്നും ഇവർ പൊലീസിനോടു പറഞ്ഞിരുന്നു. ഇതിൽ കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്ന മഞ്ജിത്താണ് ഇപ്പോൾ ലൈലാമണിയെ തേടി എത്തിയത്. മൂന്നു ദിവസം മുൻപ് മഞ്ജിത്തിന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മാത്യു വയനാട്ടിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടു വന്നതെന്ന് ലൈലാ മണി പൊലീസിനു മൊഴി നൽകിയിരുന്നു.

സ്ത്രീയുടെ മകന്‍ മഞ്ജിത്തിനെ പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് താമസിക്കുന്ന മകളുമായി ബന്ധപ്പെടാനും പോലീസ് ശ്രമിക്കുന്നുണ്ട്. മാമാത്യുവിനെ കണ്ടെത്താനുള്ള ശ്രമവും പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.