അഫ്ഗാനിസ്ഥാനെതിരെ പാക്കിസ്ഥാന് മൂന്ന് വിക്കറ്റ് വിജയം

0

ലീഡ്സ്: സെമി പ്രതീക്ഷ നിലനിർത്തി അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാന് മൂന്ന് വിക്കറ്റ് ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 228 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥന്‍ ഏഴ് വിക്കറ്റ് നഷ്ടത്തിൽ രണ്ട് പന്ത് ശേഷിക്കെ ലക്ഷ്യം കാണുകയായിരുന്നു. 49.4 ഓവറിൽ‌ ലഭിച്ച ബൗണ്ടറിയിലാണ് പാക്കിസ്ഥാൻ വിജയം കണ്ടത്.

പുറത്താകാതെ ഇമാദ് വാസിം നേടിയ 49 റൺസാണ് പാക്കിന്‍റെ ടോപ്പ് സ്കോറർ. ബാബർ അസം 45 റൺസും ഇമാമുൽ ഉൾ ഹഖ് 36 റൺസും ഹാരിസ് സോഹൈൽ 27 റൺസും നേടി. മുഹമ്മദ് ഹാഫിസ് 19, സർഫറാസ് അഹമ്മദ് 18, വഹാബ് റൈസ് 15, ഷദാബ് ഖാൻ 11 നേടി.

ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍റെ ആദ്യ വിക്കറ്റ് രണ്ടാമത്തെ പന്തിൽ വീണത് തിരിച്ചടിയായിരുന്നു. ഓപ്പണർ‌ ഫക്കർ സമാന്‍റെ വിക്കറ്റാണ് മുജീബ് റഹ്മാൻ എൽബിഡബ്യു ആക്കിയത്. അഫ്ഗാനിസ്ഥാന് വേണ്ടി മുജീബ് റഹ്മാൻ, മുഹമ്മദ് നബി എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ റാഷിദ് ഖാൻ ഒരു വിക്കറ്റും തകർത്തു. പാക്കിസ്ഥാന്‍റെ സർഫറാസ് അഹമ്മദ്, ഷദാബ് ഖാൻ എന്നിവരെ റൺ ഔട്ടാക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാൻ നിശ്ചിതത 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 227 റൺസെടുത്തത്. 42 റൺസ് വീതം നേടി ടോപ് സ്കോറർമാരായ അസ്ഗർ അഫ്ഗാൻ, നജീബുല്ല സദ്രാൻ എന്നിവരുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന് നല്ല സ്കോറിൽ എത്തിച്ചത്.

റഹ്മത്ത് ഷാ 35 റൺസും ഇക്രം അലി 24 റൺസും സമിയുള്ളാഹ് 19 റൺസും മുഹമ്മദ് നബി 16 റൺസും നേടി. റാഷിദ് ഖാൻ(8), മുജീബ് റഹ്മാൻ(7), ഹാമിദ് ഹസൻ(1), ഷാഹിദി(0) എന്നിവർ രണ്ടക്കം കിടക്കാതെ പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. പാക്കിസ്ഥാനായി നാല് വിക്കറ്റുകൾ വീഴ്ത്തി ഷാഹീൻ അഫ്രീദി മികച്ച കളി പുറത്തെടുത്തു. ഇമാദ് വാസിമും വഹാബ് റൈസും രണ്ട് വീതം വിക്കറ്റുകളും ഷദാബ് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.