ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. 21-ാമത് ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യയിൽ തുടക്കമാകും

0

ലോകം കാത്തിരുന്ന  21-ാമത് ഫുട്ബോൾ ലോകകപ്പ് മാമാങ്കത്തിന് ഇന്ന് റഷ്യയിൽ തുടക്കമാകും. ഇന്ന് പന്തുരുളുന്നതിനുള്ള താമസം മാത്രം. 11 നഗരങ്ങളിലെ 12 വേദികളിൽ ഹൃദയത്തുടിപ്പായി 736 കളിക്കാർ അണിനിരക്കും.

ഇന്ത്യൻ സമയം വൈകിട്ട് 8.30ന് ആതിഥേയരായ റഷ്യയും സൗദി അറേബ്യയും തമ്മിലാണ് ആദ്യ മത്സരം. മോസ്കോയിലെ ലുസ്നിക്കി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത്. റഷ്യൻ പാരമ്പര്യവും സംസ്കാരിക വൈവിധ്യവും ഇഴചേരുന്നതാകും ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് എന്നാണ് സൂചന. ഉദ്ഘാടനച്ചടങ്ങിന് സാക്ഷിയാവാൻ 80,000ത്തോളം ആരാധകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 ഓളം കലാകാരന്മാരും കാണികളെ കൈയിലെടുക്കാൻ വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങളുമായി വേദിയിലെത്തും. പ്രമുഖ പോപ് ഗായകൻ റോബി വില്യംസും സംഘവും ഒരുക്കുന്ന സംഗീതനിശയാണ് പ്രധാന ആകർഷണം . 

വില്യംസിന് കൂട്ടായി റഷ്യയിലെ പ്രമുഖ ഓപറ ഗായികയായ എയ്ഡ ഗാരിഫ്യുള്ളിന എത്തും. ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ ലിവ് ഇറ്റ് അപ്പ് ഹോളിവുഡ് സൂപ്പർ താരവും ഗായകനുമായ വിൽസ്മിത്തും നിക്കി ജാമും ഗായിക എറ ഇസ്ട്രാഫിയും ചേർന്ന് അവതരിപ്പിക്കും.മറഡോണ, റൊണാൾഡോ ഉൾപ്പടെയുള്ള ഫുട്‍ബോൾ ഇതിഹാസങ്ങൾ രാഷ്ട്രീയ, കലാ, സാംസ്കാരിക നേതാക്കൾ എന്നിവർ ഉദ്ഘാടന ചടങ്ങിനായി സ്റ്റേഡിയത്തിലെത്തും. വിജയികൾക്കുള്ള വിശ്വകിരീടം ചടങ്ങിൽ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക റൊണാൾഡോയായിരിക്കും.