ഇന്ന് ലോക പരിസ്ഥിതി ദിനം. ജൈവവൈവിധ്യം ആഘോഷമാക്കുക എന്നാണ് ഇത്തവണത്തെ പരിസ്ഥിതിദിന മുദ്രാവാക്യം. ഒരുമഹാവ്യാദിയുടെ കാലത്താണ് ഇത്തവണത്തെ പരിസ്ഥിതി ദിനം. ഈ കൊറോണക്കാലം മനുഷ്യനെ ലോക് ഡൗണിലകപ്പടുത്തുകയും മരണഭീതി സ്ഷ്ടിക്കുകയും ചെയ്തെങ്കിലും പ്രകൃതി അതിന്‍റെ സ്വാഭാവികതയിലേക്ക് മടങ്ങുന്ന കാഴ്ചകളാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്…അതെ മനുഷ്യരെ വീടുകളിൽ അടച്ചിട്ടതോടെ പ്രകൃതി തിരിച്ചുവന്നു. ഡൽഹിയും മുംബൈയും, കൊച്ചിയുമെല്ലാം ശുദ്ധവായു ശ്വസിച്ച് തുടങ്ങി.
എന്നാൽ കൈതച്ചക്കയ്‌ക്കുള്ളില്‍ വച്ച നാടന്‍ പടക്കം പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ പിടിയാന ചെരിഞ്ഞ സംഭവം ഏറെ സങ്കടമുണ്ടാക്കുന്നതാണ്. പന്നിയ്‌ക്കു വച്ചത് ആനയ്‌ക്കുകൊണ്ട അനുഭവം മണ്ണാര്‍ക്കാടിനു പുറമെ കൊല്ലത്തെ പത്തനാപുരത്തും ഉണ്ടായെന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ജാവദേക്കറും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിട്ടുണ്ട്.
പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങള്‍ വിസ്തൃതമാക്കാന്‍ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് ഒരോ പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് കുറച്ച് ഓസോണ്‍ പാളിയുടെ വിള്ളലിന് കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഹരിത ഗൃഹ വാതകങ്ങള്‍ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയും ഈ ദിവസത്തിന്റെ ലക്ഷ്യമാണ്.
ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 51 (ജി) എ അനുശാസിക്കുന്ന പ്രകാരം പരിസ്ഥിതിയെയും പ്രകൃതിയെയും ജീവജാലങ്ങളെയും കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണ്. 19-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തോടെ ആരംഭിച്ച പരിസ്ഥിതി പ്രശ്‍നം ഗോദവര്‍മ കേസ്, ഗ്വാളിയോർ റയോൺസ് പ്രശനം, സൈലന്റ് വാലിസമരം തുടങ്ങി പശ്ചിമഘട്ട സംരക്ഷണത്തിനായി രൂപീകരിച്ച ഗാഡ്ഗിൽ റിപ്പോർട്ട് വരെ അങ്ങനെ അങ്ങനെ നിരവധി സമരമുഖങ്ങളിലൂടെ കടന്നുപോയികൊണ്ടിരിക്കയാണ്.
ഇത്തരത്തിൽ മനുഷ്യൻ്റെ ചെയ്തികൊണ്ട് വരുത്തിത്തീർത്ത ഒട്ടനവധി പ്രശ്നങ്ങളുടെ അന്തരഫലമായിട്ടാണ് പ്രളയത്തിന്റെ രൂപത്തില്‍ കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വന്‍തോതിലുള്ള വനനശീകരണവും പശിമഘട്ടത്തെ വേണ്ടരീതിയിൽ സംരക്ഷിക്കാത്തതുമൊക്കെയാണ് കേരളത്തിന്റെ മഴക്കാലം മാറിമറിഞ്ഞ് വൻ പ്രകൃതിക്ഷോഭത്തിലേക്ക് വഴിതെളിക്കുന്നത്.
പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രകൃതിയേയും അന്തരീക്ഷത്തേയും ചൂഷണം ചെയ്യാതിരിക്കാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഇന്ത്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ കൊണ്ടുവന്നത്. എന്നാൽ ഈ നിയമങ്ങളെല്ലാം പലപ്പോഴും ദുർബലപെട്ടുപോകുന്ന കാഴ്ചയാണ് ഇന്ത്യ മഹാരാജ്യത്ത് നമുക്ക് പലപ്പോഴും കാണാൻകഴിയുന്നത്. എഴുപതുകളില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കു ചിറകുമുളക്കുന്നത് അന്നുതുടങ്ങി ഇന്നോളം ചെറുവലുതുമായ നിരവധി സംഘടനകൾ രൂപംകൊണ്ടെങ്കിലും അവയെല്ലാം പരിസ്ഥിതിയെ സംരക്ഷിക്കാം വലിയ രീതിയിൽ പങ്കുവഹിച്ചെങ്കിലും നമ്മുടെ പ്രകൃതി ദിനംപ്രതി ആഗോളതാപനത്തിന്റെ ഭീഷണിക്കിരയായിക്കൊണ്ടിരിക്കയാണ്.
ഒരു കുഞ്ഞൻ വൈറസ് സൃഷ്ട്ടിച്ച മഹാമാരിക്കുമുന്നിൽ മുഖാവരണമണിഞ്ഞു മുട്ടുകുത്തി നിൽക്കുന്ന മനുഷ്യന് ഇനിയും പലതിരിച്ചറിവുകളും വരേണ്ടതുണ്ട്… കൊറോണയ്ക്ക് മുൻപ് ഇവിടമെങ്ങും സംഹാരതാണ്ഡവമാടിയ സാര്‍സും എയ്ഡ്സും, നിപ്പയും ഇനിവരാനിരിക്കുന്ന മറ്റുവയറസുകളും നമുക്ക് നൽകുന്ന പാഠം അത് ഒന്നേയുള്ളു പ്രകൃതിയുടെ വന്യതകളിലേക്കു അധികം കടന്നുകയറാതിരിക്കുക എന്നതാണ്….അങ്ങനൊരു കടന്നുകയറ്റം നാം നടത്തിയാൽ വരും കാലങ്ങളിൽ നാം അതിനു വലിയ വിലകൊടുക്കേണ്ടി വരും. നമ്മൾ ശ്വസിക്കുന്ന വായു, കുടിക്കുന്ന വെള്ളം, നമ്മളെ പൊതിയുന്ന വെളിച്ചം, നമ്മൾ കഴിക്കുന്ന ഭക്ഷണം മനുഷ്യന്‍റെ ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട്. എന്നാൽ അത്യാർത്തിക്കുള്ളതില്ല എന്ന ഗാന്ധിവചനം എക്കാലത്തും നാം ഓർക്കേണ്ടതാണ്.
പ്രകൃതിദുരന്തങ്ങൾ തടയുകയെന്നത് മനുഷ്യന്റെ പരിധിക്കും അപ്പുറത്തുള്ള കാര്യമാണ് എന്നാൽ നാം നമ്മുടെ ചെയ്തികളിൽ വ്യത്യാസം വരുത്തിയാൽ ഇത്തരം ദുരന്തങ്ങളെ ഒരുപരിധിവരെ തടയാനാകും. ആഗോളതാപനത്തിന്റെ ഏറ്റവും വലിയ ഇരയാകാൻ പോകുന്നത് ഇന്ത്യയാണ്. അതുകൊണ്ട് ഓരോ ചുവടും കരുതലോടെയായിരിക്കണം. നമ്മുടെ വരും തലമുറയ്ക്ക് ജീവിക്കാൻ നല്ലൊരു ഭൂമിയും ശ്വസിക്കാൻ ശുദ്ധവായുവും നൽകേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്…