കൊറോണ വൈറസിനെ പുറത്തുവിട്ടത് വുഹാന്‍ ലാബിലെ പരിശീലനാര്‍ഥി; യുഎസ് മാധ്യമം

0

വാഷിങ്ടൻ ∙ ചൈനയിലെ വുഹാനിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ഥിയായി ജോലി ചെയ്യുന്നയാൾ അബദ്ധത്തിൽ ചോർത്തിയതാണ് നോവൽ കൊറോണ വൈറസെന്ന് യുഎസ് മാധ്യമം. അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസാണ്‌ ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഫോക്‌സ് ന്യൂസ് പുറത്തുവിട്ട വര്‍ത്തയിലാണ് ഇക്കാര്യം അവകാശപ്പെടുന്നത്.

വൈറസിനെപ്പറ്റിയുള്ള പഠനം വുഹാന്‍ ലബോറട്ടറിയില്‍ നടന്നിരുന്നു. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍നിന്ന് മനുഷ്യനിലേക്കാണെന്ന് ന്യൂസ് ചാനല്‍ പറയുന്നു. ലാബിലെ ഒരു പരിശീലനാര്‍ഥിക്ക് അബദ്ധത്തില്‍ വൈറസ് ബാധയേല്‍ക്കുകയും അവരില്‍നിന്ന് ആണ്‍ സുഹൃത്തിലേക്ക് പകരുകയും ചെയ്തു. അവരില്‍നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തുകയും പകരുകയും ചെയ്തതെന്നാണ് റിപ്പോർട്ട്.

വുഹാനിലെ വെറ്റ് മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, അവിടെ വവ്വാലുകളെ വില്‍ക്കാറില്ലെന്നും ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയോട് കിട പിടിക്കുന്നതോ അതിനേക്കാള്‍ മെച്ചമായതോ ആയ ഗവേഷണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വുഹാന്‍ ലാബില്‍ നോവല്‍ കൊറോണ വൈറസിനെപ്പറ്റിയുള്ള പഠനം നടത്തിയതെന്നും ഇവർ ആരോപിക്കുന്നുണ്ട്.

മാരകമായ വൈറസുകളെക്കുറിച്ചും സാംക്രമിക രോഗങ്ങളെക്കുറിച്ചും പഠിക്കുന്ന വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്വൈറോളജിക്ക് ആവശ്യത്തിന് ജൈവസുരക്ഷയില്ലെന്ന ആശങ്ക രണ്ടു വർഷങ്ങൾക്കുമുൻപ് യുഎസ് എംബസി ഉദ്യോഗസ്ഥർ ചൈനയ്ക്കു മുന്നിൽ ഉയർത്തിയിരുന്നതായി യുഎസ് മാധ്യമമായ വാഷിങ്ടൺ പോസ്റ്റ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു. വുഹാൻ വെറ്റ് മാർക്കറ്റിനു സമീപമാണ് ഈ ലബോറട്ടറി.

വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഫോക്‌സ് ന്യൂസ് ലേഖകന്‍ ജോണ്‍ റോബര്‍ട്‌സ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രദ്ധയിയില്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തില്‍ വുഹാന്‍ ലാബില്‍നിന്നാണ് വൈറസ് പുറംലോകത്ത് എത്തിയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ട്രംപ് തയ്യാറായില്ല. എന്നാല്‍ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടായത് എങ്ങനെ എന്നതിനെപ്പറ്റി വിശദമായ പരിശോധന നടത്തി വരികയാണെന്ന് ട്രംപ് പ്രതികരിച്ചു.