അപകടനില കടന്ന് യമുനയിലെ ജലനിരപ്പ്; ജാഗ്രതാ നിര്‍ദേശം

0

ന്യൂഡൽഹി: യമുനാ നദിയിൽ ജലനിരപ്പ് ഉയരുന്നു. അപകടനിലയും പിന്നിട്ട് നദി ഒഴുകുന്നതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. പ്രളയനിവാരണ വകുപ്പിന്റെ കണക്ക് പ്രകാരം 205.33 മീറ്ററായിരുന്നു തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയ്ക്ക് യമുന നദിയിലെ ജലനിരപ്പ്.

ഹരിയാണ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് വെള്ളം നിരന്തരം തുറന്നു വിടുകയാണ്. ഇതോടെയാണ് ജലനിരപ്പ് ഉയർന്നു തുടങ്ങിയത്. യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയിരുന്നു.

‘നിലവിലുള്ള സാഹചര്യം നേരിടാൻ ഡൽഹി സർക്കാർ എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയതായി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. 206 മീറ്ററിന് മുകളിൽ ജലനിരപ്പ് എത്തിയാൽ ജനങ്ങളെ ഒഴിപ്പിച്ച് തുടങ്ങും. ഇതിനായി ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ജൂലൈ 11ഓടെ ജലനിരപ്പ് 205 മീറ്റർ പിന്നിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, ഹരിയാണയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടതോടെ നേരത്തെ തന്നെ ജലനിരപ്പ് ഉയരുകയായിരുന്നു’- അദ്ദേഹം പറഞ്ഞു.