ഉംപുണ്‍ ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടും; ഒഡിഷ തീരത്ത് കനത്ത ജാഗ്രത

1

ന്യൂഡൽഹി:ഉംപുണ്‍ ചുഴലിക്കാറ്റ് ഉച്ചയോടെ പശ്ചിമബംഗാള്‍ തീരം തൊടുമെന്ന് കാലാലവസ്ഥ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് തീരത്തോടടുക്കുന്നതിന്റെ ഭാഗമായി ബംഗാളിലും ഒഡീഷയിലും ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ട് തുടങ്ങി. ഉംപുണ്‍ ഇന്ന് ഉച്ചയോടെ ബംഗാള്‍ തീരം വഴി കരയിലേക്ക് പ്രവേശിക്കുമെന്നും 185 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശുമെന്നുമാണ് മുന്നറിയിപ്പ്.

സൂപ്പര്‍ സൈക്ലോണ്‍ വിഭാഗത്തില്‍ ആയിരുന്ന ഉംപുണ്‍ ഇപ്പോള്‍ അതിശക്ത ചുഴലിക്കാറ്റ് (എക്സ്ട്രീമ്ലി സെവിയര്‍ സൈക്ലോണ്‍ സ്റ്റോം) ആയി ദുര്‍ബലപ്പെട്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഉംപുണ്‍ കരതൊടുമ്പോള്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 155 മുതല്‍ 185 കിലോമീറ്റര്‍ വരെയാകാമെന്നാണ് കണക്കുകൂട്ടല്‍. 2019 നവംബര്‍ ഒമ്പതിന് പശ്ചിമബംഗാളില്‍ വീശിയ ‘ബുള്‍ബുള്‍’ ചുഴലിക്കാറ്റിനെക്കാള്‍ നാശനഷ്ടമുണ്ടാക്കാന്‍ ശേഷിയുള്ളതാണ് ‘ഉം-പുന്‍’. കാറ്റിനൊപ്പം അതിശക്തമായ മഴയും കടലേറ്റവുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. തിരമാല നാലഞ്ച് മീറ്റര്‍വരെയുയരാം.

പശ്ചിമ ബംഗാളിലെ ദിഘയ്ക്കും ബംഗ്ലാദേശിലെ ഹട്ടിയ ദ്വീപിനും ഇടയിൽ സുന്ദർബൻ മേഖലയിലൂടെയാവും അതിതീവ്ര ചുഴലിക്കാറ്റ് കരയിലേക്ക് കടക്കുക. ഈ സാഹചര്യത്തില്‍ ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളുടെ തീരമേഖലകളില്‍നിന്ന് ലക്ഷക്കണക്കിന് പേരെയാണ് ഒഴിപ്പിക്കുന്നത്. പശ്ചിമ ബംഗാളിൽ നാലുലക്ഷത്തോളം പേരെയും ഒഡിഷയില്‍ 1,19,075 പേരെ മാറ്റിപ്പാർപ്പിച്ചു.1704 അഭയ കേന്ദ്രങ്ങളിലേക്കാണ് ഒഡിഷയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചത്. അടുത്ത ആറു മണിക്കൂർ നിർണായകമെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പറഞ്ഞു.

ബംഗാളിലെ ഈസ്റ്റ് മിഡ്നാപുര്‍, വടക്കും തെക്കും 24 പര്‍ഗാനാസ്, ഹൗറ, ഹൂഗ്ലി, കൊല്‍ക്കത്ത ജില്ലകളില്‍ ‘ഉം-പുന്റെ’ ആഘാതമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒഡിഷഷയിലെ ജഗത്സിങ്പുര്‍, കേന്ദ്രാപഡ, ഭദ്രക്, ജാജ്പു, ബാലസോര്‍ എന്നീ തീരജില്ലകളിലും കനത്ത മഴയും കാറ്റും വലിയ തിരമാലകളുണ്ടാകും. മീന്‍പിടിത്തക്കാര്‍ വ്യാഴാഴ്ചവരെ കടലില്‍പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണ സേനയുടെ 41 സംഘങ്ങളെ ബംഗാള്‍, ഒഡീഷ എന്നിവിടങ്ങളിലായി വിന്യസിച്ചിരിക്കുകയാണ്. കരസേന, നാവികസേന എന്നിവയുടെ രക്ഷാ, ദുരിതാശ്വാസ സംഘങ്ങള്‍ സജ്ജമായിട്ടുണ്ട്. നാവിക, വ്യോമസേനകളുടെയും തീരരക്ഷാസേനയുടെയും കപ്പലുകളും ഹെലിക്കോപ്റ്ററുകളും തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. കാറ്റിലും മഴയിലും തകരാറിലാവുന്ന വൈദ്യുതി, വാര്‍ത്താവിനിമയബന്ധങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ കേന്ദ്രസര്‍ക്കാര്‍ ഒഡിഷയിലേക്കും ബംഗാളിലേക്കും അയച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിലും വടക്കൻ ഒഡിഷ തീരത്തും റെഡ് അലര്‍ട്ട് നൽകിയിരിക്കുകയാണ്.വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം നൽകി. അസം, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.