അടക്കവും ഒതുക്കവുമില്ലാത്ത… അടുക്കളയിൽ കയറി പരിചയമില്ലാത്ത പെൺകുട്ടികളുണ്ടോ?: ജീവിത പങ്കാളിയെ തേടി യുവാവിന്റെ വൈറൽ പോസ്റ്റ്

0

ജീവിത പങ്കാളിയെ തേടിയുള്ള ജെബിസൺ എന്ന യുവാവിന്റെ വ്യത്യസ്തമായ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ജെബിസന്റെ ചിത്രവും വ്യക്തിവിവരങ്ങളും ഉൾപ്പെടുത്തിയുള്ള പോസ്റ്ററിൽ ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണമെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്.

‘‘ജീവിത പങ്കാളിയെ ആവശ്യമുണ്ട്….

അടക്കവും ഒതുക്കവുമില്ലാത്ത…

അടുക്കളയിൽ കയറി പരിചയമില്ലാത്ത… വീട്ടു ജോലികളിൽ നൈപുണ്യമില്ലാത്ത

തന്റേടമുള്ള പെൺകുട്ടികൾക്ക് മുൻഗണന…

സാരി ഉടുക്കാൻ അറിയില്ലെങ്കിലും, സ്വന്തമായി തീരുമാനമെടുക്കാൻ അറിയണം… നല്ല വിദ്യാഭ്യാസവും, ജോലിയും, സ്വന്തമായി വരുമാനവും ഉണ്ടായിരിക്കണം. മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ അറിയുന്നവളായിരിക്കണം. യാത്ര ചെയ്യാൻ ഇഷ്ടമുള്ളവളായിരിക്കണം.’’

ഇതോടൊപ്പം ജെബിസന്റെ വയസ്സ്, ഭാരം, ഉയരം, ജോലി തുടങ്ങിയ വിവരങ്ങളും ഒപ്പമുണ്ട്.

പോസ്റ്ററിനൊപ്പമുളള കുറിപ്പിൽ എന്നാണ് ബിരിയാണ് കിട്ടുക എന്ന പ്രിയപ്പെട്ടവരുടെ ചോദ്യവും അതിനു നൽകുന്ന രസകരമായ മറുപടിയും പങ്കുവച്ചിട്ടുണ്ട്.

ജെബിസന്റെ കുറിപ്പ് വായിക്കാം;

ജെബിസാ എപ്പേഴാ ഒരു ചോറ് തരാ ? ഡാ എപ്പഴോ ഒരു ബിരിയാണി കിട്ടാ ? മാഷേ ഞങ്ങൾക്ക് എന്നാ ഒരു ബിരിയാണി തരാ? ഈ മാതിരി ചോദ്യങ്ങൾ ഫങ്ഷനുകളിൽ പോകുമ്പോഴും , സൗഹ്യദ കൂട്ടായ്മകളിലും, പരിചയക്കാരുമായുള്ള കുശലാന്വേഷണത്തിലും മുഴങ്ങി കേൾക്കുന്ന വാചകങ്ങളാണ്. ചില സമയങ്ങളിൽ അത് എന്നെ ദേഷ്യം പിടിപ്പിക്കാറും ഉണ്ട്. എന്നിരുന്നാലും ഞാൻ സൗമ്യതയോടെ പറയും ചോറാണെങ്കിൽ അടുത്തുള്ള നല്ല ഹോട്ടലിൽ പോകാം …. ഇനി ബിരിയാണി ആണ് വേണ്ടതെങ്കിൽ നല്ല ദം ബിരിയാണി കിട്ടുന്ന പെരുമ്പിലാവിലേയാ, കുന്നംകുളത്തേയോ ഹോട്ടലിൽ പോകാം എന്ന് പറയാറുണ്ട് അതോടുകൂടി സംസാര വിഷയം വേറൊന്നിലേക്ക് മാറുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും എനിക്ക് ഇതുവരെ ജീവിത പങ്കാളിയെ കണ്ടെത്താൻ പറ്റിയിട്ടില്ല. പ്രിയ സുഹൃത്തുക്കളുടെ അറിവിൽ എനിക്ക് പറ്റിയ ഒരാൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കും എന്ന് കരുതുന്നു. അങ്ങനെ ഒരാളെ ഞാൻ കണ്ടെത്തിയാൽ ചോറോ /ബിരിയാണിയോ /പാർട്ടിയോ നടത്താൻ ഞാൻ സന്നദ്ധനുമാണ്.