വിവാഹത്തിന് മൂന്നു ദിവസം മാത്രം; പ്രതിശ്രുതവരൻ വാഹനാപകടത്തിൽ മരിച്ചു

0

ഈരാറ്റുപേട്ട ∙ സ്കൂട്ടറും പിക്കപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരൻ മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാറയിൽ പരേതനായ ജേക്കബിന്റെ (രാജു) മകൻ അജിത് (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടിന് പാലാ റോഡിൽ പനയ്ക്കപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അജിത്തിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.

വാഴക്കുളം സ്വദേശിനിയുമായുള്ള വിവാഹം ഈമാസം 7നു നടത്താൻ നിശ്ചയിച്ചിരിക്കെയാണു മരണം. കഴിഞ്ഞ 30നായിരുന്നു അജിത്തിന്റെ വിവാഹ നിശ്ചയം. അജിത്തിനൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന ബന്ധു ജിതിനും ഗുരുതരമായി പരുക്കേറ്റിരുന്നു. സലോമി രാജുവാണ് അജിത്തിന്റെ മാതാവ്. സഹോദരൻ: അജിൻ. മൃ‍തദേഹം മോർച്ചറിയിൽ.