പൊലീസ് ബൈക്ക് പരിശോധിച്ചതിൽ പ്രതിഷേധിച്ച് നടുറോഡില്‍ അഭ്യാസപ്രകടനം; യുവാവ് അറസ്റ്റില്‍

0

തിരുവനന്തപുരം:പൊലീസ് ബൈക്ക് പരിശോധിച്ചതിൽ പ്രതിഷേധിച്ച് ആഡംബര ബൈക്കില്‍ നടുറോഡില്‍ അഭ്യാസപ്രകടനം നടത്തി പോലീസിന്റെ പരിശോധനയെ പരിഹസിച്ച് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പൊതുനിരത്തിൽ അപകടകരമായ അഭ്യാസപ്രകടനങ്ങൾ നടത്തിയതിനാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങമല വില്ലേജിൽ കരിമാൻകോട് മുളമൂട്ടിൽ വീട്ടിൽ ഹരിഹരൻ മകൻ വിഷ്ണുവാണ് അറസ്റ്റിലായത്.

രണ്ടാഴ്ച മുൻപ് ഇയാള്‍ ഓടിച്ചിരുന്ന ആഡംബര ബൈക്ക് പൊലീസ് പരിശോധിക്കുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഇയാളും കൂട്ടുകാരും ചേർന്ന് പാലോട് ബ്രൈമൂർ റോഡിൽ ഇടവം ഭാഗത്ത് വച്ച് ആഡംബര ബൈക്കിൽ അഭ്യസ പ്രകടനങ്ങൾ നടത്തി മൊബൈൽ ഫോണിൽ ചിത്രികരിക്കുകയും പൊലീസിന്റെ വാഹന പരിശോധന വീഡിയോയും ചേർത്ത് നവ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു. പൊലീസിനെ പറ്റിച്ചെന്ന തരത്തില്‍ പ്രചരിപ്പിച്ച വീഡിയോ പാലോട് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

അന്വേഷണത്തിൽ വാഹനം തിരിച്ചറിഞ്ഞ് യുവാവിനെയും വാഹനത്തെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ആഡംബരബൈക്കും ചിത്രീകരിക്കുന്നതിന് ഉപയോഗിച്ച ഫോണും കോടതിൽ ഹാജരാക്കി. ലൈസൻസ് റദ്ദാക്കാൻ വേണ്ടി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന് കൈമാറി. ഇടവം ഭാഗത്തും ചെല്ലഞ്ചി പാലത്തിലും മറ്റും അഭ്യാസപ്രകടനങ്ങൾ നടക്കുന്നതായി മുമ്പ് പരാതി ലഭിച്ചിരുന്നു. ഫോണിൽ ചിത്രീകരിച്ച ആളിനെയും , കൂടെയുണ്ടായിരുന്ന മറ്റു ബൈക്കുകളെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്.